തിരുവനന്തപുരം: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയെ ക്രൈംബ്രാഞ്ച് സംഘം ഉടൻ ചോദ്യംചെയ്യും. കോടതിയിൽ നിന്നോ അല്ലെങ്കിൽ ജയിൽമേധാവിയിൽ നിന്നോ ഇതിന് അനുമതി വാങ്ങും.
മുഖ്യമന്ത്രിക്കെതിരേ മൊഴികൊടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദസന്ദേശം. ശബ്ദരേഖയുടെ ആധികാരികത ഉറപ്പിക്കേണ്ടതുണ്ട്. ഇതിന് ശാസ്ത്രീയപരിശോധനയ്ക്ക് കോടതി മുഖേന ലാബിലേക്ക് അയയ്ക്കും. ജയിൽ ഡി.ഐ.ജി. നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്റെ ശബ്ദമാണ് പ്രചരിക്കുന്നതെന്ന് സ്വപ്ന സമ്മതിച്ചിരുന്നു. അട്ടക്കുളങ്ങര ജയിലിൽവെച്ചുള്ളതല്ലെന്നും പറഞ്ഞു.
എറണാകുളത്തുവെച്ച് ഇത്തരത്തിൽ പലരോടും സംസാരിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു സ്വപ്നയുടെ മൊഴി.
ജയിൽവകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡി.ജി.പി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. ശബ്ദസന്ദേശം പുറത്തുവന്ന ദിവസം തന്നെ ജയിൽമേധാവി പോലീസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് നിലനിൽക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്. സംഭവം വിവാദമായതിനെ തുടർന്ന് രണ്ടുദിവസത്തിന് ശേഷം പോലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Content Highlights: Swapna Suresh Voice Message: The Crime Branch will investigate