തിരുവനന്തപുരം: പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിനുനേരെ പ്രതിഷേധവും കൈയേറ്റശ്രമവും. തുടർന്ന് പരിപാടിയിൽ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി. കൈയേറ്റശ്രമത്തിനുപിന്നിൽ ഹിന്ദുത്വശക്തികളാണെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. തനിക്കുനേരെ രണ്ടുതവണ കൈയേറ്റശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത്തരമൊരു സംഭവം നടന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജപ്പുര സരസ്വതിമണ്ഡപം ഓഡിറ്റോറിയത്തിൽ വൈദ്യസഭയുടെ സൗജന്യ നാട്ടുചികിത്സാ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. സൗജന്യ നാട്ടുചികിത്സാക്യാമ്പും പ്രചാരണപരിപാടികളുമാണ് സംഘടിപ്പിച്ചിരുന്നത്. ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരനെയാണ് ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത്. എന്നാൽ, അദ്ദേഹം തിരക്കിലായതിനാൽ എത്തില്ലെന്നറിയിച്ചു. തുടർന്നാണ് സ്വാമി അഗ്നിവേശിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്.
ഇതിനിടെ, നാട്ടുചികിത്സാ ക്യാമ്പിനെത്തുന്നവർക്ക് അംഗീകാരമില്ലെന്ന പരാതി വന്നതോടെ ക്യാമ്പ് നടത്താനാവില്ലെന്ന് പോലീസ് നോട്ടീസ് നൽകി. ഇതോടെ, ബോധവത്‌കരണപരിപാടി നടത്താൻ വൈദ്യസഭ തീരുമാനിച്ചു. ഇത് ഉദ്ഘാടനംചെയ്യാൻ സ്വാമി അഗ്നിവേശ് വേദിയിലെത്തിയതോടെ ഒരു സംഘം പ്രതിഷേധവുമായി എത്തി.
സ്വാമി അഗ്നിവേശിനെ ഇവിടെ പ്രവേശിപ്പിക്കാനും പ്രസംഗിക്കാനും അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. മുദ്രാവാക്യംവിളികളുമായി അവർ വേദിക്കുമുന്നിലെത്തി. ചിലർ വേദിയിലേക്കുകയറി സ്വാമിയെ തടയാനും കൈയേറ്റംചെയ്യാനും ശ്രമിച്ചതോടെ സ്വാമിതന്നെ വേദിയിൽനിന്ന് ഇറങ്ങിപ്പോയി.
‘‘എനിക്കുപറയാനുള്ളത് പറയാൻ അനുവദിച്ചില്ല. ഒട്ടേറെത്തവണ കേരളത്തിൽ വന്നിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു സംഭവം ആദ്യമാണ്. പോലീസ് നോക്കിനിൽക്കെയാണ് അക്രമമുണ്ടായത്’’ -സ്വാമി പറഞ്ഞു. പരാതിനൽകാനും സ്വാമി അഗ്നിവേശ് ആലോചിക്കുന്നുണ്ട്. പരാതി കിട്ടാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൂജപ്പുര പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം താൻ പങ്കെടുക്കേണ്ട ഒരു പരിപാടിയിൽനിന്ന് അവസാനനിമിഷം ഗവർണർ പിന്മാറിയിരുന്നു. കേരള ഗവർണർ തന്റെ സുഹൃത്താണെങ്കിലും ആർ.എസ്.എസിന്റെ ഇടപെടലിനെത്തുടർന്നാണ് അദ്ദേഹം പിന്മാറിയതെന്നാണ് കരുതുന്നതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.
content highlights: swami agnivesh manhandled