തിരുവനന്തപുരം: ബി.ജെ.പി.യുടെ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ സുരേഷ് ഗോപി സിനിമാതിരക്കിലേക്ക്‌. തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നിൽ എം.പി. കൂടിയായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ബി.ജെ.പി.ക്ക്‌ താത്പര്യമുണ്ട്. അദ്ദേഹത്തിനുമേൽ സമ്മർദവുണ്ടാകും. എന്നാൽ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക്‌ മാർച്ച് അഞ്ചുമുതൽ അദ്ദേഹം കടക്കുമെന്നാണ് വിവരം.

പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം. അങ്ങനെയെങ്കിൽ അദ്ദേഹം മത്സരിക്കാനിടയില്ല. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ മത്സരിക്കാനുള്ള സാധ്യതയേറി. മുതിർന്ന നേതാക്കൾ നൽകുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്. ഇതിൽ അന്തിമവാക്ക് കേന്ദ്രനേതൃത്വത്തിന്റേതാണ്.