കാസർകോട്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ കെ. സുന്ദരയ്ക്ക് ബി.ജെ.പി. പണം നൽകിയെന്ന് സമ്മതിച്ച് സുന്ദരയുടെ അമ്മ ബേട്ജിയുടെ മൊഴി. വെള്ളിയാഴ്ച വീട്ടിലെത്തി കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തോടാണ് സുന്ദരയുടെ അമ്മ പണം ലഭിച്ചെന്ന് സമ്മതിച്ചത്. സുന്ദരയുടെ ബന്ധുവിന്റെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വ്യാഴാഴ്ച കെ. സുന്ദരയുടെ മൊഴിയെടുത്തിരുന്നു.

കൈക്കൂലിയുടെ ഭാഗമായി സുന്ദരയ്ക്ക് ബി.ജെ.പി. വാങ്ങിനൽകിയ സ്മാർട്ട്‌ ഫോൺ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. സുന്ദരയ്ക്ക് ഫോൺ വാങ്ങിനൽകിയ നീർച്ചാലിലെ മൊബൈൽഫോൺകടയിൽനിന്ന്‌ ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി.ക്കായി പത്രിക നൽകിയ കെ. സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രണ്ടരലക്ഷം രൂപയും സ്മാർട്ട്‌ ഫോണും നൽകിയെന്നാണ് കേസ്. ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.