റേഷന്‍ വാതില്‍പ്പടി വിതരണം

കൊല്ലം: റേഷന്‍ വാതില്‍പ്പടി വിതരണത്തിനായി അധികം സൃഷ്ടിക്കുന്ന തസ്തികകളുടെ സാമ്പത്തികബാധ്യത സര്‍ക്കാര്‍ വഹിക്കണമെന്ന് സപ്ലൈകോ. വാതില്‍പ്പടി വിതരണത്തിനായി സജ്ജീകരിച്ചിരിക്കുന്ന ഗോഡൗണുകളില്‍ 318 തസ്തികകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള എല്ലാ നടപടികള്‍ക്കുമുള്ള ചെലവുകളും സര്‍ക്കാര്‍തന്നെയാണ് വഹിക്കേണ്ടതെന്നാണ് സപ്ലൈകോ വ്യക്തമാക്കുന്നത്.

സപ്ലൈകോയാണ് റേഷന്‍വിതരണത്തിന്റെ നോഡല്‍ ഏജന്‍സി. തങ്ങളുടെ വാണിജ്യ ഇടപാടുകളുമായി ഈ നിയമനങ്ങള്‍ക്ക് ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്രയും വലിയ ബാധ്യത ഏറ്റെടുക്കാനാവില്ല. ഭക്ഷ്യ ഭദ്രതാനിയമപ്രകാരമുള്ള കേന്ദ്രഫണ്ടില്‍നിന്ന് ഇതിനുള്ള തുക നീക്കിവയ്ക്കണമെന്നാണ് ആവശ്യം. ക്വിന്റലിന് 215 രൂപ പ്രകാരമാണ് സപ്ലൈകോയുടെ സേവനത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ പ്രതിഫലം നല്‍കുന്നത്.

എഫ്.സി.ഐ. ഗോഡൗണുകളില്‍നിന്ന് റേഷന്‍ സാധനങ്ങള്‍ സപ്ലൈകോ സജ്ജീകരിച്ച ഗോഡൗണുകളിലെത്തിച്ചാണ് സംഭരിക്കുന്നത്. വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ ഗോഡൗണുകളും സ്വകാര്യ ഗോഡൗണുകളുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടകളില്‍ എത്തിക്കുന്നതും ഇ പോസ് മെഷീന്‍ ഉപയോഗിച്ചുള്ള റേഷന്‍കടകളുടെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടവും സപ്ലൈകോയുടെ ചുമതലയിലാണ്.

330 സ്വകാര്യ മൊത്തവിതരണക്കാര്‍ അവരുടെ ഗോഡൗണുകളും തൊഴിലാളികളെയും ഉപയോഗിച്ച് കൈകാര്യം ചെയ്തിരുന്നതിലേറെ ജോലിയാണ് സപ്ലൈകോയും പൊതുവിതരണവകുപ്പും ചേര്‍ന്ന് ഇപ്പോള്‍ നടപ്പാക്കുന്നത്.

ജീവനക്കാര്‍ക്ക് ഗോഡൗണുകളില്‍ അധിക ചുമതല നല്‍കിയിരിക്കുകയാണ്. ദിവസവേതനക്കാരെയും ഉപയോഗപ്പെടുത്തുന്നുണ്ട്. ജീവനക്കാരുടെ അഭാവംമൂലം റേഷന്‍ വിതരണത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിക്കുന്നതായി സര്‍ക്കാരിന് ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് 318 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 42 തസ്തികകളിലേക്ക് പൊതുവിതരണവകുപ്പില്‍നിന്നുള്ള ഡെപ്യൂട്ടേഷന്‍ നിയമനമാണ്.

ഇതേസമയം വകുപ്പില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കാതെ സപ്ലൈകോയ്ക്ക് തസ്തികകള്‍ നല്‍കിയതിനെതിരേ പൊതുവിതരണവകുപ്പിലെ ജീവനക്കാര്‍ രംഗത്തുവന്നിട്ടുണ്ട്്. പത്താം തീയതി മുഖ്യമന്ത്രിയെ കാണാന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോയിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് കീഴ്വഴക്കമില്ലാത്തതാണെന്നാണ് അവരുടെ വാദം.