തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഇ-ടെന്‍ഡറുകള്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ 'ടെന്‍ഡേഴ്‌സ് കേരള' പോര്‍ട്ടല്‍ വഴി. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഐ.ടി. മിഷന് കത്തു നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

അരി ഉള്‍പ്പെടെ ഭക്ഷ്യധാന്യം വാങ്ങാന്‍ കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പോര്‍ട്ടലാണ് (കിയോനിക്‌സ്) സപ്ലൈകോ ഉപയോഗിച്ചിരുന്നത്. ഇതേക്കുറിച്ചുള്ള 'മാതൃഭൂമി' വാര്‍ത്തയെ തുടര്‍ന്നാണ് പുതിയ തീരുമാനം.

സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ദര്‍ഘാസുകള്‍ സര്‍ക്കാരിന്റെ ടെന്‍ഡര്‍ പോര്‍ട്ടലില്‍ തന്നെ നല്‍കണമെന്ന് 2013 ഒക്ടോബറില്‍ അന്നത്തെ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് നിലനില്‍ക്കുമ്പോഴാണ് സപ്ലൈകോ അന്യസംസ്ഥാന പോര്‍ട്ടല്‍ ഉപയോഗിച്ചത്. ഇതുവരെ 2,40,000 ദര്‍ഘാസുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി ക്ഷണിച്ചിടുണ്ട്.

നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് (എന്‍.ഐ.സി.) സര്‍ക്കാര്‍ പോര്‍ട്ടലിനുള്ള സൊല്യൂഷന്‍ നല്‍കുന്നത്. അതിനാല്‍ ഇത് സുതാര്യവും സുരക്ഷിതവുമാണ്. സിസ്റ്റം നിയന്ത്രിക്കുന്ന ആളും ദര്‍ഘാസു നല്‍കുന്ന വകുപ്പിലെ ഉദ്യോഗസ്ഥനും ഒരുമിച്ച് വിചാരിച്ചാല്‍ പോലും ദര്‍ഘാസിലെ തുക അറിയാനാകില്ല. ദേശീയതലത്തില്‍ ഒരേ രീതിയിലാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.

ദര്‍ഘാസുകള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ ക്ഷണിക്കണമെന്ന് സപ്ലൈകോയോട് ഐ.ടി. മിഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സപ്ലൈകോ ഇതില്‍നിന്ന് പിന്മാറി. ഐ.ടി. മിഷന്റെ നിര്‍ദേശപ്രകാരം ഇത് പരിഹരിക്കാന്‍ എന്‍.ഐ.സി. മുന്നോട്ടു വന്നെങ്കിലും സപ്ലൈകോ ഇതുമായി മുന്നോട്ടുപോയില്ല.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് അരി വാങ്ങുന്നതിനുള്ള കരാര്‍ പതിവായി ചിലര്‍ക്ക് ലഭിക്കുന്നുവെന്നും ഇത് ഒത്തുകളിയാണെന്നും അരിവ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു. മാസം 6000 ടണ്‍ ഭക്ഷ്യധാന്യമാണ് ഇ-ടെന്‍ഡറിലൂടെ സപ്ലൈകോ ശേഖരിക്കുന്നത്.