തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി ഈസ്റ്റർ, വിഷു, റംസാൻ തുടങ്ങിയവയും പരീക്ഷകളും കണക്കിലെടുത്ത് നിശ്ചയിക്കും. കേന്ദ്രസേനയുടെ ലഭ്യതയും കണക്കിലെടുക്കും.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ നടത്തിയ ചർച്ചകൾക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ചതിനാലാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോവിഡ് സാഹചര്യത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണം 25,000-ൽനിന്ന് 40,777 ആക്കും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂട്ടും. എത്ര മണിമുതൽ എത്രമണിവരെ എന്നത് പിന്നീടു തീരുമാനിക്കും. 80 വയസ്സ് കഴിഞ്ഞവർക്ക് തപാൽവോട്ട് ചെയ്യാം. കോവിഡ് ബാധിതർക്ക് അവസാന സമയങ്ങളിൽ വോട്ടുചെയ്യാം.

എല്ലാ പോളിങ് ഉദ്യോഗസ്ഥർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ പെരുമാറ്റച്ചട്ടം പിൻവലിക്കും മുമ്പുതന്നെ സസ്പെൻഷൻ ഉൾപ്പെടെയുള്ളവ സ്വീകരിക്കും. പണത്തിന്റെ സ്വാധീനവും സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗവും തടയാൻ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ നാമനിർദേശപത്രികയും അനുബന്ധരേഖകളും ഓൺലൈനായി പൂരിപ്പിക്കാം. അതിന്റെ പ്രിന്റൗട്ട് വരണാധികാരിക്കു സമർപ്പിച്ചാൽ മതി. വോട്ടർപ്പട്ടികയിൽ അക്ഷയ സെന്ററുകളിലൂടെ സൗജന്യമായി പേരുചേർക്കാൻ അനുവദിക്കണമെന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പട്ടിക പ്രകാരം കേരളത്തിലെ മൂന്ന് ജില്ലകളെ പ്രശ്നബാധിതമായി വിലയിരുത്തിയിട്ടുണ്ട്-പാലക്കാട്, മലപ്പുറം, വയനാട്. ഇവിടങ്ങളിൽ കേന്ദ്രസേന ഉൾപ്പെടെ കൂടുതൽ സുരക്ഷാസന്നാഹങ്ങൾ ഒരുക്കും. (മാവോവാദി സാന്നിധ്യം കണക്കിലെടുത്താണിത്) ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് അത്തരം പ്രചാരണങ്ങൾ ക്രമസമാധാന പ്രശ്നമായാൽ കമ്മിഷൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ രണ്ടാംവാരത്തിൽ തിരഞ്ഞെടുപ്പ് ആകാമെന്ന് സർക്കാർ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരത്തിൽ നടത്തണമെന്ന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോടു ശുപാർശ ചെയ്തു. ഈസ്റ്റർ, വിഷു, റംസാൻ വ്രതാരംഭം എന്നിവ കണക്കിലെടുത്താണിത്.

ഏപ്രിൽ നാലിനാണ് ഈസ്റ്റർ. 14-ന് വിഷുവും. അപ്പോൾത്തന്നെ റംസാൻ വ്രതാരംഭവും തുടങ്ങും. മേയിൽ സി.ബി.എസ്.ഇ. പരീക്ഷകൾ നടക്കുകയാണ്. സംസ്ഥാനത്തിന്റെ ശുപാർശ കണക്കിലെടുത്താൽ ഈസ്റ്ററിനുശേഷം ഏപ്രിൽ 14-നു മുമ്പ് തിരഞ്ഞെടുപ്പ് നടക്കും.

കോവിഡ്‌ വ്യാപനം കൂടുതലായതിനാൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സാധ്യതയില്ലെന്ന സൂചനയും കമ്മിഷൻ നൽകി.