തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തും. ഓണത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണു ഞായറാഴ്ച വാരാന്ത്യ ലോക്ഡൗൺ പുനഃസ്ഥാപിക്കുന്നത്. പ്രതിരോധ നടപടികളും രോഗവ്യാപനവും ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ശനിയാഴ്ച അവലോകന യോഗം ചേരും.

അടച്ചിടൽ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളാണ് ആലോചിക്കുന്നത്. രോഗികളുടെ എണ്ണം തുടർച്ചയായി മൂന്നാം ദിവസവും മുപ്പതിനായിരം പിന്നിട്ട സ്ഥിതിക്ക് പരിശോധനയും വാക്സിനേഷനും കൂട്ടാനുള്ള നടപടികൾ ആലോചിക്കുന്നുണ്ട്.

വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ അത് ലംഘിക്കുന്നുണ്ടോ എന്നറിയാൻ നിരീക്ഷണം ഏർപ്പെടുത്തും. രോഗികളുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസം കേന്ദ്രം നിർദേശിച്ചതനുസരിച്ച് രാത്രികർഫ്യൂവും നടപ്പാക്കുന്നത് ആലോചനയിലുണ്ട്. ഞായറാഴ്ച അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് തുറക്കാൻ അനുമതി നൽകുക. യാത്രകൾക്ക്‌ നിയന്ത്രണമുണ്ടാകും.