തിരുവനന്തപുരം: മഴക്കാല രോഗങ്ങളുടെ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കും. സർവകക്ഷി യോഗത്തിലാണ് തീരുമാനം. വീടും പരിസരവും പൊതുസ്ഥലങ്ങളും ഞായറാഴ്ച ശുചീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോക്ഡൗണിൽ ഇളവുവന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം യോഗത്തിൽ വന്നു. എന്നാൽ, സ്ഥിതി മെച്ചപ്പെട്ടശേഷമേ അക്കാര്യം പരിഗണിക്കൂ. കേന്ദ്രസർക്കാരിന്റെ സമീപനവും ഇതുതന്നെയാണ്. ആരാധനാലയങ്ങളിൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുക പ്രയാസമായിരിക്കും. ഇത് രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ മൂവായിരം വീതം സ്രവപരിശോധന നടത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ഒട്ടേറെ നല്ല നിർദേശങ്ങൾ മുന്നോട്ടുവെച്ചതായും അവയെല്ലാം സർക്കാർ ഗൗരവത്തോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തല: രജിസ്റ്റർചെയ്ത വിദേശ മലയാളികളെയെല്ലാം നാട്ടിലെത്തിക്കണം. പരിശോധനകളുടെ എണ്ണം കൂട്ടുകയും കോവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുകയും വേണം. സ്വകാര്യമേഖലയെക്കൂടി പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാക്കുക, ക്ഷേമനിധി അംഗങ്ങൾക്ക് കൂടുതൽ തുക അനുവദിക്കുക.

കെ. പ്രകാശ്ബാബു(സി.പി.ഐ. അസി. സെക്രട്ടറി): സമ്പർക്കസാധ്യത കൂടുതലുള്ള ആരോഗ്യപ്രവർത്തകർ, പോലീസുകാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്ക് പരിശോധന വേണം. സമൂഹവ്യാപനം തടയാൻ ഇതാവശ്യം. ദിവസേനയുള്ള പരിശോധനകളുടെ എണ്ണം കൂട്ടണം. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കണം.

കെ. സുരേന്ദ്രൻ(ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്): വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണം. കൂടുതൽ ശ്രമിക് തീവണ്ടികൾ ഓടിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണ്. പ്രവാസികൾക്ക് കൂടുതൽ ക്വാറന്റീൻ കേന്ദ്രങ്ങൾ വേണം. പാവപ്പെട്ടവർക്ക് 2500 രൂപയെങ്കിലും സഹായം നൽകണം.

എം.വി. ഗോവിന്ദൻ, തമ്പാനൂർ രവി, കെ.പി.എ. മജീദ്, പി.ജെ. ജോസഫ്, സി.കെ. നാണു, എ.എ. അസീസ്, വി. സുരേന്ദ്രൻപിള്ള, ടി.പി. പീതാംബരൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, കോവൂർ കുഞ്ഞുമോൻ, അനൂപ് ജേക്കബ്, പി.സി. ജോർജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.