കണ്ണൂർ: കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോഡ് തിരുത്തുന്നു. മുൻവർഷങ്ങളിൽ മേയ് അവസാനമാണ് വൈദ്യുതി ഉപഭോഗം കൂടിയിരുന്നത്. എന്നാൽ ഇത്തവണ ആ റെക്കോഡുകൾ മാർച്ച് 24 മുതൽ 27 വരെയുള്ള നാലുദിവസവും തിരുത്തി. ഏപ്രിൽ രണ്ടാം വാരത്തിലും ഉപഭോഗത്തിൽ വൻ വർധനയുണ്ടായി. പകൽസമയത്ത് 20 ശതമാനവും രാത്രിയിൽ 18 ശതമാനവുമാണ് വർധന.

ഉപഭോഗത്തിലെ അസാധാരണവർധന ലൈനിൽ ഓവർലോഡിനിടയാക്കുന്നതിനാൽ വൈദ്യുതിവിതരണം തടസ്സപ്പെടുന്നുണ്ട്. ബുധനാഴ്ച രാത്രി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതിനിയന്ത്രണം വേണ്ടിവന്നു. അരീക്കോട് 400 കെ.വി. സബ് സ്‌റ്റേഷനിൽ 220 കെ.വി. കണ്ടക്ടർ അധിക വൈദ്യുതി ഉപയോഗം(ഓവർ ലോഡ്) കാരണം ട്രിപ്പ് ആയി. പിന്നീട് ചാർജ് ചെയ്തപ്പോൾ ഹോട്ട്‌ സ്‌പോട്ട്(ചുവന്ന ഭാഗം) കണ്ടു. ഇതേത്തുടർന്ന് അറ്റകുറ്റപ്പണി വേണ്ടിവന്നു. ഇത് മൂന്നു ജില്ലകളിലെ ഉപഭോക്താക്കളെ ബാധിച്ചു. ഓരോ ഫീഡറും വെവ്വേറെയായി ചാർജ് ചെയ്താണ് വൈദ്യുതി തിരികെയെത്തിച്ചത്.

കൊടും ചൂട് കാരണം എയർ കണ്ടീഷണറുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതാണ് വൈദ്യുതോപഭോഗത്തിൽ വൻവർധനയുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം മേയ് അഞ്ചിനാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗമുണ്ടായത്. 4011 മെഗാവാട്ട്. ഈ വർഷം മാർച്ച് 27-ന് 4242 മെഗാവാട്ട് ഉപയോഗിച്ചു. ഇപ്പോൾ ഏറക്കുറെ ഇതേ നിലവാരത്തിലാണ് ഉപഭോഗമെന്നാണ് വൈദ്യുതിവകുപ്പ് പറയുന്നത്. ഉത്സവകാലവും അമിതചൂടും കാരണം പ്രതിദിനം 300 മെഗാവാട്ട് അധികമായി കരുതേണ്ട സ്ഥിതിയാണ്.

രാത്രി 10 മുതൽ 10.30 വരെയാണ് ഏറ്റവുമധികം ഉപഭോഗം. മുൻവർഷങ്ങളിൽ രാത്രി എട്ടുമുതൽ ഒൻപതുവരെയായിരുന്നു ഇത്. ടെലിവിഷൻ പരിപാടികളും എയർ കണ്ടീഷണറുകളുടെ പ്രവർത്തനവുമാണ് ഇതിന് കാരണമായി പറയുന്നത്.

Content Highlights: Summer temperature  night electricity Usage increasing