
പേജിൽ
നൽകിയിരിക്കുന്ന മുന്നറിയിപ്പ്
തിരുവനന്തപുരം: ‘അവധിക്കാല പാക്കേജു’മായി കേരള പോലീസ്. ഹ്രസ്വകാല, ജീവപര്യന്ത പാക്കേജുകളാണ് വാഗ്ദാനം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കു മാത്രമായാണ് ഈ പാക്കേജ്. പൂജപ്പുര, വിയ്യൂർ, കണ്ണൂർ ജയിലുകളിലെ വാസമാണ് പോലീസ് വാഗ്ദാനം.
ക്രിസ്മസ് അവധിക്കാലത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പോലീസ് അവധിക്കാല പാക്കേജുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ ഹോളിഡേ പാക്കേജുകളുടെ പരസ്യരൂപത്തിലാണ് മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് മുന്നറിയിപ്പ്. പോലീസിന്റെ സാമൂഹികമാധ്യമ വിഭാഗമാണ് ഇതു തയ്യാറാക്കിയത്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലൂടെയാണ് ഇവ പങ്കുവച്ചിരിക്കുന്നത്.
പലരും ആദ്യം പോലീസിന്റെ വിനോദപരിപാടിയാണിതെന്നു തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് അമളി മനസ്സിലാക്കി അഭിനന്ദിച്ചവരും ഏറെയാണ്. ഞായറാഴ്ച വൈകീട്ടു വരെ പതിനായിരത്തോളം പേരാണ് ഈ മുന്നറിയിപ്പിന് ഫെയ്സ്ബുക്കിൽ കമന്റിട്ടത്.