ചങ്ങനാശ്ശേരി: സംവരണേതര ഹൈന്ദവസമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് ദേവസ്വം ബോർഡുകളിൽ നിയമനം നൽകുന്നതിന് പുതിയ ചട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കാനും സംശയങ്ങൾക്ക് വിശദീകരണം നൽകാനും ബന്ധപ്പെട്ടവർക്ക് ബാധ്യതയുണ്ടെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പത്തുശതമാനം സംവരണം നിലവിൽവന്നതായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പ്രസ്താവന കണ്ടു.

ചട്ടങ്ങൾ മറികടന്ന് സാമ്പത്തികസംവരണം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാനാണ് റിക്രൂട്ട്‌മെന്റ് ബോർഡ് ലക്ഷ്യമിടുന്നത്. പുതുക്കിയ ചട്ടം നിലവിൽവന്നശേഷമിറങ്ങുന്ന വിജ്ഞാപനപ്രകാരമുള്ള അപേക്ഷകളിൽനിന്നല്ലേ പുതിയ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനാകൂ എന്ന സംശയം നിലനില്ക്കുന്നു. ഈ പത്തുശതമാനം സംവരണം നൽകാൻ തീരുമാനിച്ചതറിഞ്ഞപ്പോൾത്തന്നെ, അതിനെ നിയമപരമായി നേരിടും എന്ന ചിലരുടെ പ്രഖ്യാപനങ്ങളാണ് സംശയങ്ങൾക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക്, സബ്ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് രണ്ട് തസ്തികകളിലേക്ക് സംവരണംപാലിച്ച് തയ്യാറാക്കിയ ആദ്യസാധ്യതാപട്ടിക പ്രസിദ്ധീകരിക്കുമെന്നും വാർത്തയിലുണ്ട്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സ്ഥാപിതമായപ്പോൾ നിലവിൽവന്ന ചട്ടങ്ങളിൽ വ്യവസ്ഥചെയ്തിരുന്നത് 68 ശതമാനം ജനറൽ ക്വാട്ടയും 32 ശതമാനം സംവരണക്വാട്ടയും ആണ്. 2017 നവംബർ 15-ലെ മന്ത്രിസഭായോഗത്തിൽ, പത്തുശതമാനം സാമ്പത്തികസംവരണം നൽകുമെന്ന് പ്രഖ്യാപിച്ചു. അന്നുമുതൽ അത് പ്രാബല്യത്തിൽ വരുത്തുന്നതിന് നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതായിരുന്നു. ആ ഭേദഗതി നാളിതുവരെ വരുത്തിയിട്ടില്ല എന്നാണറിയുന്നത്. അങ്ങനെയെങ്കിൽ, ഇത് കൂടുതൽ നിയമക്കുരുക്കുകൾക്ക് ഇടയാക്കുകയില്ലേ എന്ന സംശയം നിലനിൽക്കുന്നു.

2017 നവംബർ 15-ന് കൂടിയ മന്ത്രിസഭായോഗം സാമ്പത്തികസംവരണത്തിന് അംഗീകാരം നൽകി. തുടർന്ന് ഏറെ നിയമ-സാങ്കേതിക തടസ്സങ്ങൾ മറികടന്നാണ് സാമ്പത്തികസംവരണം സാധ്യമാക്കിയത് എന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. അത് വ്യവസ്ഥാപിതമായ മാർഗത്തിലൂടെയും നിയമക്കുരുക്കുകൾക്ക് ഇടനൽകാതെയുമാണ് ചെയ്തിരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അവർക്കില്ലേയെന്നും സുകുമാരൻ നായർ ചോദിക്കുന്നു.

ജനറൽ വിഭാഗത്തിലെ 68 ശതമാനത്തിൽനിന്ന് 18 ശതമാനം സംവരണവിഭാഗത്തിലേക്ക്‌ മാറ്റി. ഇപ്പോൾ സംവരണം 50 ശതമാനമാക്കിയിരിക്കുകയാണ്. അങ്ങനെ മാറ്റിയിരിക്കുന്ന 18 ശതമാനത്തിൽനിന്ന് 10 ശതമാനം മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്ക്കുന്നവർക്ക് നൽകിയും ഈഴവസമുദായത്തിന് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 14 ശതമാനം 17 ശതമാനമായി വർധിപ്പിച്ചും പട്ടികജാതി-പട്ടികവർഗത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 10 ശതമാനം 12 ശതമാനമായി വർധിപ്പിച്ചും മറ്റുപിന്നാക്കവിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന മൂന്നുശതമാനം, ആറുശതമാനമാക്കിയുമാണ് നിലവിലുള്ള 68:32 എന്നത് 50:50 ആക്കി മാറ്റിയതെന്നും ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.