പത്തനംതിട്ട: മൂന്നുവർഷം മുന്പ് യുവതി ആത്മഹത്യ ചെയ്തത് കുമ്പസാര രഹസ്യം പുറത്തായതിൽ മനംനൊന്തെന്ന് ആരോപണം. 2015 ഒക്ടോബർ 21-ന് ചെങ്ങന്നൂർ കോടിയാട്ട് കടവിൽ മരിച്ചനിലയിൽ കണ്ടെത്തിയ ലില്ലി ജോർജിന്റെ ആത്മഹത്യക്കുറിപ്പിൽ ഒരു വൈദികന്റെ പേരുമുണ്ടായിരുന്നെന്ന് ഇടവകാംഗം ആരോപിച്ചു.

തേക്കുങ്കൽ സെയ്ന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായിരുന്ന ലില്ലി ജോർജിന്റെ ആത്മഹത്യയ്ക്കുപിന്നിൽ അന്നത്തെ ഇടവക വികാരിക്ക് പങ്കുണ്ടെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് സഭാനേതൃത്വത്തിന് പരാതി നൽകിയ സഭാംഗമായ എബ്രഹാം ജോർജിനെ പത്തുവർഷത്തേക്ക് ഇടവക ചുമതലകളിൽനിന്ന് വിലക്കുകയും ചെയ്തു.

മൃതദേഹത്തിന് സമീപത്തുനിന്നു ലഭിച്ച കുറിപ്പിൽ ഇടവക വികാരിയുടെയും ഒരു സ്ത്രീയുടെയും പേര് പറയുന്നുണ്ട്. വൈദികനെ അറസ്റ്റ് ചെയ്യണമെന്നും ഇതിലുണ്ട്. ഈ കുറിപ്പ് എബ്രഹാമിന്റെ കൈവശമുണ്ട്. സംഭവത്തിൽ കോയിപ്രം പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. ഇതിനുപിന്നിൽ സഭാനേതൃത്വത്തിന് പങ്കുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.

കേസിന്റെ ആരംഭഘട്ടംമുതൽ വൈദികനെ സംരക്ഷിക്കുന്ന നിലപാടാണ് സഭാനേതൃത്വം സ്വീകരിച്ചത്. യുവതിയുടെ ഭർത്താവും താനുൾപ്പെടുന്ന ഇടവകാംഗങ്ങളും ആത്മഹത്യക്കുറിപ്പിന്റെ ആധികാരിത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജില്ലാ പോലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കുറ്റാരോപിതനായ വൈദികൻ ഇന്നും സഭയിൽ ഉയർന്ന സ്ഥാനത്ത് തുടരുന്നുണ്ടെന്നും ഇയാളെ സഹായിക്കാൻ ഇടവക മെത്രാപോലീത്ത ശ്രമിച്ചെന്നും എബ്രഹാം ജോർജ് പറഞ്ഞു.

ആത്മഹത്യക്കുറിപ്പ്

എന്റെ മരണത്തിന് കാരണം അച്ചനും ....... ഉം ആണ്. അവരെ അറസ്റ്റുചെയ്യണം. എന്നെ അപമാനിച്ചു. അതുകൊണ്ട് എനിക്ക് മനോവിഷമം ഉണ്ടായി. ദയവുചെയ്ത് ഇവരെ വെറുതേ വിടരുത്. പള്ളിയിൽ ഈ അച്ചൻ വന്നാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്. അച്ചൻ ഞങ്ങളെ അപമാനിച്ചു. അതുകൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം.

ചോർന്ന കുമ്പസാരം

ഇടവക വികാരിയുടെ മുമ്പിൽ ലില്ലി ജോർജ് നടത്തിയ കുമ്പസാരരഹസ്യം മറ്റൊരു സ്ത്രീ പള്ളി യോഗത്തിൽ പരസ്യമാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലില്ലിയും ആ സ്ത്രീയുമായി ഉണ്ടായ തർക്കത്തിന് ഇടവകാംഗങ്ങൾ മുഴുവൻ സാക്ഷികളാണ്. മരണത്തിന് മാസങ്ങൾക്കുമുൻപാണ് യുവതി കുമ്പസാരം നടത്തിയത്. മനോനില തെറ്റി ലില്ലി ദിവസങ്ങളോളം ചികിത്സയിലായിരുന്നു. കൗൺസലിങ് നടത്തിയ ഡോക്ടറോടും ഇവർ ഈ സംഭവം പറഞ്ഞിരുന്നു.

പരിശോധിക്കും

സംഭവത്തിൽ വൈദികന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നൽകിയ പരാതി കണ്ടിട്ടില്ല. ഇതുസംബന്ധിച്ച ആക്ഷേപം പരിശോധിച്ച് നടപടി സ്വീകരിക്കും.

- ഫാ. എം.ഒ. ജോൺ, ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി.