തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ മുമ്പും പണംതട്ടിപ്പ് നടന്നെന്നും ട്രഷറിയുടെ സത്‌പേര് മോശമാകുമെന്നുപറഞ്ഞ് അത് ഒതുക്കിത്തീർക്കുകയായിരുന്നെന്നും ആരോപണം. മൂന്നുവർഷത്തിനിടെ ജില്ലാ ട്രഷറികളിലടക്കം 15-ലേറെ പരാതികളുണ്ടായി. എല്ലാ കേസിലും തട്ടിപ്പ് നടത്തിയവർക്ക് പണം തിരിച്ചടയ്ക്കാനുള്ള അവസരമുണ്ടാക്കി മേലുദ്യോഗസ്ഥർ തട്ടിപ്പ് മറച്ചുവെച്ചെന്ന് സി.പി.ഐ.യുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ആരോപിച്ചു.

ഉയർന്ന ഉദ്യോഗസ്ഥർ എല്ലാദിവസവും ട്രഷറിയിലെ ഇടപാടുകൾ പരിശോധിക്കണമെന്നാണു നിർദേശം. എന്നാൽ, പലയിടത്തും ഇതുണ്ടാവാറില്ല. ട്രഷറിയിൽ ഉപയോഗിക്കുന്ന കോർ ടിസ്, കോർ ടി.എസ്.ബി. സോഫ്റ്റ്‌വേറുകളിൽ പാണ്ഡിത്യമുള്ള ജീവനക്കാർക്ക് തട്ടിപ്പുനടത്താൻ എളുപ്പമാണെന്നും പറയുന്നു. വഞ്ചിയൂർ ട്രഷറിയിലും ഇതുപോലെയാണ് ക്രമക്കേട് നടന്നത്. സീനിയർ അസിസ്റ്റന്റിനുമാത്രം ഇത്തരം വലിയ തട്ടിപ്പുകൾ ഒറ്റയ്ക്ക് നടത്താൻ സാധിക്കില്ലെന്നും ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നും ആരോപണമുണ്ട്. ക്രമക്കേട് നടത്താൻ ബിജുലാലിന് സാങ്കേതികസഹായം ചെയ്തത് മുൻ തട്ടിപ്പുകേസുകളിലെ പ്രതികളാണെന്നും പറയുന്നു.

മൂന്നുവർഷത്തിനിടെ കാട്ടാക്കട, ചങ്ങരംകുളം, തൃശ്ശൂർ ചേലക്കര, കണ്ണൂർ എന്നിവിടങ്ങളിലുൾപ്പെടെ പണംതട്ടിപ്പ് നടന്നിരുന്നു. കാട്ടാക്കട ജില്ലാ ട്രഷറിയിൽ തട്ടിപ്പ് നടത്തിയയാളെ സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റി. കണ്ണൂരിൽ കരാറുകാരന് രണ്ടുലക്ഷത്തിനുപകരം 20 ലക്ഷം നൽകിയ സംഭവത്തിൽ തെറ്റുചെയ്തവർക്ക് സ്ഥാനക്കയറ്റം നൽകുകയാണു ചെയ്തത്. ചങ്ങരംകുളത്ത് മറ്റൊരാളുടെ സ്ഥിരനിക്ഷേപം ട്രഷറിജീവനക്കാരൻ സ്വന്തം പേരിലാക്കിയായിരുന്നു തട്ടിപ്പ്.

ട്രഷറിയിൽ തട്ടിപ്പ് നടക്കുന്നതായി വാർത്തകൾ വന്നാൽ സ്ഥിരനിക്ഷേപം നടത്താൻ ആളുകൾ വരില്ല. അതിനാൽ അതതിടങ്ങളിൽത്തന്നെ ഒതുക്കിത്തീർക്കാനാണ് അധികാരികൾ നിർദേശിക്കുക. ട്രഷറി ഡയറക്ടർ എ.എം. ജാഫറിനെയും വിജിലൻസ് ചുമതലയുള്ള ജോയന്റ് ഡയറക്ടർ വി. സാജനെയും മാറ്റിനിർത്തി വിജിലൻസ് അന്വേഷണം നടത്തണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.