തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയ എസ്.ഐ.ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. പോലീസ് ആസ്ഥാനത്തെ ജനമൈത്രി സുരക്ഷാ പദ്ധതി കോ-ഓർഡിനേറ്റർകൂടിയായ എസ്.ഐ. ജേക്കബ് സൈമണിനെതിരേയാണ് ക്രൈംബ്രാഞ്ച് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

പോലീസ് മേധാവി, എ.ഡി.ജി.പി., ഐ.ജി. എന്നിവരുടെ വ്യാജ ലെറ്റർഹെഡും ഒപ്പും ഉപയോഗിച്ച് സർട്ടിഫിക്കറ്റുകൾ നിർമിച്ചെന്നാണു കേസ്. ഇയാളുടെ ഓഫീസിലും കരുനാഗപ്പള്ളിയിലെ വീട്ടിലും നടന്ന റെയ്ഡിൽ ലെറ്റർഹെഡുകളും വ്യാജ സീലും ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ യൂണിഫോമും കണ്ടെത്തി. ഇതണിഞ്ഞുള്ള ഫോട്ടോയും കണ്ടെടുത്തു.

വ്യാജരേഖകൾ ഉപയോഗിച്ച് ഗുഡ്സർവീസ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി, ഉയർന്ന ഉദ്യോഗസ്ഥരുടെ പേരിൽ ഭീഷണിപ്പെടുത്തി തുടങ്ങിയ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. പരിശോധനയ്ക്ക് സംഘം എത്തുംമുമ്പ് ജേക്കബ് സൈമൺ വീട്ടിൽനിന്നു മുങ്ങിയതായാണു വിവരം.

നേരത്തേ പോലീസ് ആസ്ഥാനത്തെ ഇൻഫർമേഷൻ വിഭാഗത്തിൽ ജോലിചെയ്തിരുന്ന ഇയാൾ ഡെപ്യൂട്ടി ഡയറക്ടറുടെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു.

മുതിർന്ന രാഷ്ട്രീയനേതാവിന്റെ ബന്ധുവെന്ന പേരിലും പലരെയും ഭീഷണിപ്പെടുത്തിയതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇയാൾക്കെതിരേ ഇന്റലിജന്റ്‌സ് വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.

2014-ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിചെയ്യവേ ഒരാളെ അനധികൃതമായി വിദേശത്തേക്കു കടക്കാൻ സഹായിച്ചതിന് ഇയാൾക്കെതിരേ നടപടിയെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പും സീലും ഉപയോഗിച്ച് ഇയാൾ മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യാണ് കേസ് അന്വേഷിക്കുന്നത്.