കോട്ടയം: എസ്.എഫ്.ഐ. നേതാക്കളെ കാമ്പസിൽ കയറ്റാൻ അനുവദിക്കാതെ കോട്ടയം സി.എം.എസ്.കോളേജിൽ സംയുക്ത വിദ്യാർഥി പ്രതിരോധം. കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തകരും മറ്റ് സംഘടനകളിലെ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നതോടെ നേതാക്കൾക്ക് കാമ്പസിൽ കയറാതെ മടങ്ങേണ്ടിവന്നു. ചില നേതാക്കളും യൂണിറ്റ് ഭാരവാഹികളും മടങ്ങിപ്പോയി. പോകാതെ നിന്നവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിരോധത്തിന് നിന്നവരെയും ഗേറ്റിന് പുറത്തുനിന്ന് പോകാത്ത എസ്.എഫ്.ഐ. നേതാക്കളെയും പിരിച്ചുവിടാൻ പോലീസ് ചെറിയതോതിൽ ലാത്തിവീശി.
വെള്ളിയാഴ്ച 10-ന് തുടങ്ങിയ സംഘർഷാവസ്ഥ വൈകീട്ട് മൂന്നുവരെ തുടർന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേതിന് സമാനമായി വിദ്യാർഥികളുടെ സംഘടിത പ്രതിഷേധത്തിന് ഇടയാക്കിയത് വ്യാഴാഴ്ച കോളേജിലുണ്ടായ അക്രമമാണ്. പഠനയാത്രക്കിടെ ഒരു വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ രണ്ടു കെ.എസ്.യു. വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർ കാമ്പസ് വിട്ട് പോകവേ, ഒരു സംഘം കമ്പിവടികളുമായി അക്രമത്തിനെത്തി. നടപടി നേരിട്ട കെ.എസ്.യു. വിദ്യാർഥികൾക്കൊപ്പം കാമ്പസിലെ മറ്റ് കുട്ടികൾക്കും അടി കിട്ടി. പലർക്കും കാര്യമായ പരിക്കേറ്റു. അക്രമികളിൽ പുറത്തുനിന്നുള്ള എസ്.എഫ്.ഐ. നേതാക്കളും കോളേജിലെ മൂന്ന് എസ്.എഫ്.ഐ. പ്രവർത്തകരും ഉണ്ടായിരുന്നെന്ന് കുട്ടികൾ പരാതിപ്പെട്ടു.
ഈ എസ്.എഫ്.ഐ. പ്രവർത്തകരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വെള്ളിയാഴ്ച രാവിലെ വിദ്യാർഥികൾ സംയുക്ത ഉപരോധം തുടങ്ങിയത്. കോളേജ് അച്ചടക്കസമിതി ചേർന്ന് അക്രമത്തിൽ പങ്കുണ്ടെന്ന് കണ്ട മൂന്ന് എസ്.എഫ്.ഐ. നേതാക്കളെ സസ്പെൻഡ് ചെയ്തു. എന്നാൽ ഇവരെ പിന്തുണച്ചവരെ കാമ്പസിൽ കയറ്റാൻ അനുവദിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ഇൗ സമയമാണ് കാമ്പസിലെ എസ്.എഫ്.ഐ. നേതാക്കൾ പുറത്തുള്ളവരുടെ പിന്തുണയോടെ ഗേറ്റ് കടന്നുവരാൻ ശ്രമിച്ചത്. ഇത് കുട്ടികൾ കൂട്ടമായി ചെറുത്തു.
പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേലും അധ്യാപകരും വൈദികരും കുട്ടികൾക്കൊപ്പം നിലയുറപ്പിച്ചു. ഇരുപക്ഷവും ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയതോടെ സംഘർഷം മുറുകി. പുറത്ത് നിന്ന എസ്.എഫ്.ഐ. നേതാക്കളെ ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ ഇടപെട്ട് പറഞ്ഞുവിട്ടു. എന്നാൽ ചിലർ പോകാൻ കൂട്ടാക്കിയില്ല. ഗേറ്റിനുള്ളിൽ നിന്നവരോടും പുറത്തുള്ളവരോടും പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാഞ്ഞതോടെ പോലീസ് ലാത്തിവീശി. പുറത്ത് നിന്ന മൂന്ന് നേതാക്കളെ പോലീസ് വണ്ടിയിൽ കയറ്റി. വനിതാ നേതാവ് വണ്ടിയിൽ കയറാതെ പോലീസിനെതിരേ പ്രതിഷേധിച്ചു.
Content Highlights: Students protest against SFI in kottayam CMS college