തിരുവനന്തപുരം: പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന മൂന്നാംക്ളാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക് ഒരുവർഷം കഠിനതടവും മൂന്നുലക്ഷം പിഴയും. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി കെ.വി. രജനീഷിന്റേതാണ് ഉത്തരവ്.

മലയിൻകീഴ് കണ്ടല ഗവൺമെന്റ് സ്കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ശിക്ഷിച്ചത്. ക്ലാസിൽ മറ്റു കുട്ടികളുമായി സംസാരിക്കുന്നതുകണ്ട് വലിച്ചെറിഞ്ഞ ബോൾപേന എട്ടുവയസ്സുകാരന്റെ ഇടതുകണ്ണിൽ തുളച്ചുകയറിയാണ് കാഴ്ച പൂർണമായും നഷ്ടമായത്. മൂന്നു ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. 2005 ജനുവരി 18 നായിരുന്നു സംഭവം. അധ്യാപികയെ ആറുമാസം സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. വീണ്ടും ആ സ്കൂളിൽത്തന്നെ നിയമിച്ചു.

പ്രോസിക്യൂഷനുവേണ്ടി കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജരായി.