കൊച്ചി/ന്യൂഡൽഹി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന് കേരളം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരും പ്രതിപക്ഷവും പൂർണപിന്തുണ പ്രഖ്യാപിച്ചു.

പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് ചൊവ്വാഴ്ച രാവിലെ, വിദ്യാർഥിക്ക് നിപ ബാധിച്ചതായി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

യുവാവുമായി അടുത്തിടപഴകിയ നാലുപേർക്കുകൂടി പനി ബാധിച്ചിട്ടുണ്ട്. അടുത്ത ബന്ധു, സുഹൃത്ത്, അസുഖബാധിതനായ സമയത്ത് രോഗിയെ പരിചരിച്ചിരുന്ന രണ്ടുനഴ്‌സുമാർ എന്നിവരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇവരെ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. വിദഗ്ധപരിശോധനാഫലം വന്നശേഷമേ ഇവർക്ക് നിപ ബാധിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് മന്ത്രി പറഞ്ഞു.

സ്ഥിതി വിലയിരുത്താൻ ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. മന്ത്രി ഹർഷവർധൻ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഫോണിൽ വിളിച്ച്‌ വിവരങ്ങൾ ആരാഞ്ഞു. ഡൽഹിയിൽനിന്ന് ആറംഗസംഘവും പുണെ ദേശീയ വൈറോളജി കേന്ദ്രത്തിൽനിന്ന് രണ്ടു സംഘവും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈറസ് ബാധ സംശയിക്കുന്നവരെ മുൻകൂട്ടി കണ്ടുപിടിക്കലും ഐസൊലേഷൻ സംവിധാനങ്ങൾ വിലയിരുത്തലുമാണ് കേന്ദ്രസംഘത്തിന്റെ ചുമതല.

വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തലും വവ്വാലുകളിൽ പരിശോധന നടത്തലുമാണ് പുണെയിൽനിന്നുള്ള ഒരു സംഘത്തിന്റെ ചുമതല.

യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പകർച്ചവ്യാധി ചികിത്സാവിഭാഗം കൺസൾട്ടന്റ് ഡോ. അനൂപ് ആർ. വാരിയർ പറഞ്ഞു. പനി കുറവുണ്ട്. ആദ്യം നൂറുഡിഗ്രിക്ക് മുകളിൽ ചൂടുണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഒരുവട്ടം മാത്രമാണ് ചൂട് 100-ൽ എത്തിയത്. രക്തസമ്മർദം, ശ്വാസോച്ഛാസം എന്നിവ സാധാരണ നിലയിലാണ്. എഴുന്നേറ്റിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ഹൃദയമിടിപ്പ് കൂടുതലാണെന്നും തലച്ചോറിന്റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും ഡോക്ടർ പറഞ്ഞു.

തൃശ്ശൂർ

നിപ സ്ഥിരീകരിച്ച വിദ്യാർഥി മേയ് 23-ന് പനിയെത്തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ പരിശോധന നടത്തിയ മൂന്നുഡോക്ടർമാർ ഉൾപ്പെടെ 33 പേർ നിരീക്ഷണത്തിലാണ്. ആശുപത്രിയിലുണ്ടായിരുന്ന രണ്ടു നഴ്സുമാർക്കും പനിയുടെ ലക്ഷണങ്ങളുണ്ട്. വിദ്യാർഥി പരിശീലനം നടത്തിയിരുന്ന തൃശ്ശൂരിലെ സർക്കാർ നിയന്ത്രിത വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയ്ക്ക് ചൊവ്വാഴ്ച പനി തുടങ്ങി.

ഇടുക്കി

വിദ്യാർഥിക്ക് വൈറസ് ബാധയുണ്ടായത് ഇടുക്കിയിൽ നിന്നാകാൻ സാധ്യതയില്ലെന്നാണ് നിഗമനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ. ജില്ലയിൽ ആരും നിരീക്ഷണത്തിലില്ല. രോഗബാധ സ്ഥിരീകരിച്ച വിദ്യാർഥി ഏപ്രിൽ 12-നുശേഷം പരീക്ഷകൾ എഴുതാൻ മാത്രമാണ് തൊടുപുഴയിലെത്തിയത്. മേയ് 16-നായിരുന്നു അവസാന പരീക്ഷ. അന്നുമുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഈ വിദ്യാർഥികൾ എവിടെയാണെന്ന് അറിയില്ലെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.

കൊച്ചി

പറവൂർ വടക്കേക്കരയിലാണ് വിദ്യാർഥിയുടെ വീട്. ഇവിടെ വിദ്യാർഥിക്കൊപ്പം ഒരുമിച്ച് കളിച്ച 18 പേർ നിരീക്ഷണത്തിലാണ്.

കൊല്ലം

നിപ ബാധിച്ച പറവൂർ സ്വദേശിയായ വിദ്യാർഥിക്കൊപ്പം തൃശ്ശൂരിൽ താമസിച്ചുപഠിച്ച നാലുവിദ്യാർഥികൾ നിരീക്ഷണത്തിൽ. കൊട്ടാരക്കര, തഴവ സ്വദേശികളാണ് ഈ കുട്ടികൾ. നിലവിൽ ഇവർക്ക് പനിയോ രോഗലക്ഷണങ്ങളോ ഇല്ല.

നിരീക്ഷണത്തിൽ 311 പേർ

ആകെ 311 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് എറണാകുളം കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള. പനിബാധിച്ച കാലയളവിൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരും പരിചരിച്ചവരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരോട് വീട്ടിൽത്തന്നെ കഴിയാൻ നിർദേശിച്ചു. രോഗലക്ഷണങ്ങൾകണ്ട നാലുപേരെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

content highlights: student infected with nipah, govt confirmed