ഉപ്പുതറ(ഇടുക്കി): പ്രണയംനടിച്ച് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്ത്, വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. കാഞ്ചിയാർ കിഴക്കേമാട്ടുക്കട്ട പുളിമൂട്ടിൽ ക്രിസ്റ്റി പി.ചാക്കോ (18), വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ ജിക്കുമോൻ (19)എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റുചെയ്തത്.

മേരികുളം ഇടപ്പൂക്കുളം സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ, പ്രേരണാക്കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റുചെയ്തത്. ഒക്ടോബർ എട്ടിനാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

പോലീസ് പറയുന്നതിങ്ങനെ: പെൺകുട്ടി‍ പ്ലസ്‌വണ്ണിന് പഠിക്കുമ്പോൾ പ്രതികൾ അതേ സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾ ആയിരുന്നു. ക്രിസ്റ്റി പെൺകുട്ടിയുമായി പ്രണയത്തിലായി. ഇയാൾ, ജിക്കുവുമായി ചേർന്ന് പലപ്രാവശ്യമായി പണവും സ്വർണാഭരണങ്ങളും കൈവശപ്പെടുത്തി.

സ്വർണാഭരണങ്ങളെക്കുറിച്ച് വീട്ടുകാർ അന്വേഷിച്ചതോടെ പെൺകുട്ടി അവ തിരികെ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പ്രതികൾ ആഭരണം നൽകിയില്ല. ഇതിനിടയിൽ ഭീഷണിമുഴക്കുകയും ചെയ്തു.

ഇവ തിരികെക്കിട്ടാതെ വന്നതോടെ പെൺകുട്ടി മനംനൊന്ത് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന വീട്ടുകാരുടെ മൊഴിയെത്തുടർന്ന് പെൺകുട്ടിയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കൂടുങ്ങിയത്.

സ്വകാര്യ ബാങ്കിൽ പ്രതികൾ പണയംവെച്ചിരുന്ന സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തു. സി.ഐ. എസ്.എം.റിയാസ്, എസ്.ഐ.മാരായ ചാർളി തോമസ്, അശോക് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ശെൽവൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡുചെയ്തു.

Content Highlight: Student commits suicide: Classmates arrested