തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ഐ.എൻ.ടി.യു.സി., ബി.എം.എസ്. യൂണിയനുകൾ ആഹ്വാനംചെയ്ത 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച രാത്രി ആരംഭിച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിർത്തുമാണ് സമരം. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികൾ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകൾ ഓടിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സി.ഐ.ടി.യു., എ.ഐ.ടി.യു.സി. സംഘടനകൾ പണിമുടക്കുന്നില്ല.

ഒത്തുതീർപ്പിനായി തിങ്കളാഴ്ച ടി.ഡി.എഫ്., കെ.എസ്.ടി. എംപ്ലോയീസ് സംഘ് നേതാക്കളുമായി സി.എം.ഡി. ബിജു പ്രഭാകർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ശമ്പള പരിഷ്കരണത്തിലാണ് ചർച്ച വഴിമുട്ടിയത്. ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. സർക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്ന് എം.ഡി. പറഞ്ഞു.

ടി.ഡി.എഫിനെ പ്രതിനിധാനം ചെയ്ത് ആർ. ശശിധരൻ, ആർ. അയ്യപ്പൻ, കെ. ഗോപകുമാർ, കെ. അജയകുമാർ, കെ.എസ്.ടി. എംപ്ലോയീസ് സംഘിനെ പ്രതിനിധാനം ചെയ്ത് ജി.കെ. അജിത്ത്, കെ.എൽ. രാജേഷ്, എസ്. അജയകുമാർ, ടി.പി. വിജയൻ എന്നിവർ സംസാരിച്ചു.