തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥിസംഘടനാപ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോളേജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ കെ.കെ. സുമ അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഡയക്ടറേറ്റിന്റെ നേതൃത്വത്തിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കും.

കൊടിമരം സ്ഥാപിക്കുന്നതിനടക്കം എന്തുചെയ്യണമെങ്കിലും പ്രിൻസിപ്പലിന്റെ അനുമതി വാങ്ങണം. നിലവിലുള്ള ബാനറുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും മാറ്റും. ഇതിന് പോലീസിന്റെ സഹായം തേടി. അത്‌ ലംഘിക്കപ്പെട്ടാൽ സർക്കാർ സഹായം തേടും. കോളേജിന്റേതല്ലാത്ത മറ്റുപരീക്ഷകൾ യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തേണ്ടെന്നും തീരുമാനിച്ചു. കോളേജിനെ പരീക്ഷാ സെന്ററാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടും.

അധ്യാപകർക്കും വിദ്യാർഥികൾക്കും മാത്രമേ ഇനി കാമ്പസിൽ പ്രവേശനുമുണ്ടാകൂ. യൂണിയൻ മുറിയെക്കുറിച്ചുള്ള ദുഷ്‌പേരുമാറ്റാനാണ് ക്ലാസ് മുറിയാക്കിമാറ്റിയത്. ഇടയ്ക്കുെവച്ച് പഠനം നിർത്തുന്നവർക്ക് വീണ്ടും പ്രവേശനം നൽകില്ല. പരീക്ഷാ ആവശ്യങ്ങൾക്കും പുതിയ മുറി കണ്ടെത്തും. പോലീസ് സംരക്ഷണയിൽ രണ്ടുദിവസത്തിനകം കോളേജിൽ ക്ലാസ് തുടങ്ങുമെന്നും അഡീഷണൽ ഡയറക്ടർ അറിയിച്ചു.

അധ്യാപകരുടെ പഞ്ചിങ് സംവിധാനം നവീകരിക്കും. എല്ലാവർക്കും ഒരുപോലെ കടന്നുവരാവുന്ന കാമ്പസാക്കിമാറ്റും. മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് റെഗുലർ പ്രവേശനം മാത്രമേ നൽകൂ. കോളേജിലെ അനധ്യാപകർക്കും സ്ഥലംമാറ്റമുണ്ടാകും. സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ അധ്യാപകരും സഹകരിക്കും.

എല്ലാ ഡിപ്പാർട്ടുമെന്റിലും പ്രിൻസിപ്പലിന്റെയും വകുപ്പുതലവന്റെയും നേതൃത്വത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കും. ഓരോ ക്ലാസിന്റെയും ചുമതല ഓരോ ട്യൂട്ടർക്ക് നൽകുമെന്നും കെ.കെ. സുമ പറഞ്ഞു.

Content Highlights: strict rules for university college