തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കുനേരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നിർദേശവുമായി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. ഇതുസംബന്ധിച്ച ഹൈക്കോടതി ഇടക്കാല ഇത്തരവിന് പിന്നാലെയാണ് നിർദേശങ്ങൾ.

ആരോഗ്യ പ്രവർത്തകർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളിൽ പോലീസ് എത്രയും പെട്ടെന്ന് ഇടപെടുന്നെന്ന് പോലീസ് മേധാവി ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ആശുപത്രികളിൽനിന്നോ ആശുപത്രി ജീവനക്കാരിൽനിന്നോ പരാതികൾ ലഭിച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് പോലീസ് മേധാവി നിർദേശിച്ചു. ആശുപത്രികൾക്കെതിരേയും ആരോഗ്യ പ്രവർത്തകർക്കെതിരെയുമുള്ള അതിക്രമം തടയൽ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ വേഗത്തിലും ശരിയായ രീതിയിലും അന്വേഷിക്കുന്നെന്ന് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പാക്കണം. ഇക്കാര്യങ്ങൾ മേഖലാ ഐ.ജി.മാരും ഡി.ഐ.ജി.മാരും വിലയിരുത്തി നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്തണം. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.ക്ക് എല്ലാ മാസവും റിപ്പോർട്ട് നൽകണം. എല്ലാ മാസവും പത്താം തീയതിക്കകം റിപ്പോർട്ട് ലഭ്യമാക്കാൻ എ.ഡി.ജി.പി.യോടും പോലീസ് മേധാവി നിർദേശിച്ചു.

അതിക്രമങ്ങൾ തുടരുന്നത് ആരോഗ്യപ്രവർത്തകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ആശുപത്രികളിലെ എയ്‌ഡ് പോസ്റ്റുകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനും അത്യാഹിതവിഭാഗത്തിനും ഒ.പി. വിഭാഗത്തിനും മുഴുവൻസമയ പോലീസ് സംരക്ഷണമൊരുക്കാനും മുമ്പ് നൽകിയ നിർദേശം കർശനമാക്കാനും പോലീസ് മേധാവി ആവശ്യപ്പെട്ടു.