ചേർത്തല: താഴിട്ടു പൂട്ടിയിരിക്കുന്ന ഇരുമ്പഴികളുടെ വാതിലിനടിയിലൂടെ സഹോദരി സുഭദ്ര നൽകുന്ന ഭക്ഷണം. അതുമാത്രമാണ് ആ കൂടിനുള്ളിലെ ജീവിതം. ആരുടെയും കണ്ണു നനയിക്കും ആ കാഴ്ച. തണ്ണീർമുക്കം ഉമ്മിണിശ്ശേരി കുടുംബാംഗമാണ് 47-കാരനായ സന്തോഷ്.
റോഡപകടത്തിൽ തലക്കേറ്റ പരിക്കിനെത്തുടർന്ന് മനോനിലതെറ്റി നാട്ടിലാകെ നടന്ന് അക്രമവാസന കാണിച്ചു തുടങ്ങിയതോടെയാണ് സഹോദരങ്ങൾ വീടിനോടു ചേർന്നു കൂടൊരുക്കി അതിനുള്ളിലാക്കിയത്.
എവിടെ കിടത്തിയാലും അവിടം പൊളിക്കും. രണ്ടുവീടിന്റെ ഭാഗങ്ങൾ പൊളിച്ചു. നാട്ടുകാരിൽനിന്ന് നിരന്തരം പരാതികൾ വന്നതോടെയാണ് നാലു വർഷംമുമ്പ് ഇത്തരത്തിൽ കൂടൊരുക്കിയതെന്ന് ഇവർ പറയുന്നു. വളരെ പാവപ്പെട്ട കുടുംബമാണ്. വീട്ടുജോലിക്കു പോയാണ് സഹോദരി സുഭദ്ര സന്തോഷിനെ നോക്കുന്നത്. കൃത്യമായി ഭക്ഷണം നൽകുന്നുണ്ടെങ്കിലും ചികിത്സ നൽകാൻ വഴികളില്ല. മറ്റൊരു സഹോദരനും നോക്കാനെത്തും. എന്റെ കാലംകഴിഞ്ഞാൽ എന്തുചെയ്യും-67കാരിയായ സുഭദ്ര ചോദിക്കുന്നു.
എല്ലാ ജോലികളും ചെയ്തിരുന്ന മിടുക്കനായിരുന്നു സന്തോഷ്. ആദ്യമാദ്യം ചികിത്സനടത്തിയിരുന്നെങ്കിലും മരുന്നുകഴിക്കാതെ വന്നതോടെ അതുനിലച്ചു. നല്ല ചികിത്സ നൽകാൻ കഴിഞ്ഞാൽ ഈസ്ഥിതിക്കു പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് പുത്തനങ്ങാടി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്തംഗം യു.എസ്. സജീവ് പറഞ്ഞു. സജീവിന്റെ നേതൃത്വത്തിൽ ഇതിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.