കാസർകോട്: രാജ്യത്ത് ഏറ്റവുംവലിയ മാന്ദ്യവിരുദ്ധ പാക്കേജാണ് കിഫ്ബിയിലൂടെ കേരളം നടപ്പാക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സാധാരണ ബജറ്റിനുപുറത്ത് പശ്ചാത്തല വികസനത്തിന് 50,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത് ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും നുള്ളിപ്പാടിയിൽ കിഫ്ബി പദ്ധതികളുടെ പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

2010-ലെ ബജറ്റിൽ നമ്മൾ പ്രഖ്യാപിച്ച 5000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് റിസർവ് ബാങ്ക് പ്രത്യേക പരാമർശം നടത്തി. എങ്കിൽ ഇപ്പോഴത്തെ പാക്കേജിനെക്കുറിച്ച് എന്തുപറയണം? -ധനമന്ത്രി ചോദിച്ചു. പത്തുവർഷംകൊണ്ട് ഒന്നരലക്ഷം കോടിരൂപയാണ് പശ്ചാത്തലവികസനത്തിന് കിഫ്ബിയിൽ നീക്കിവെക്കുന്നത്. 60,000 കോടി സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിക്കും 50,000 കോടി റോഡ് വികസനത്തിനും ബാക്കി വ്യവസായ പാർക്ക് പോലുള്ളവയ്ക്കും.

കണ്ണൂർ-കാസർകോട് ജില്ലകളിലായി വ്യവസായ പാർക്കിന് 5000 ഏക്കർ ഏറ്റെടുക്കും. തെക്കൻ ജില്ലകളിൽ സ്ഥലം കുറവാണെന്നിരിക്കേ ഭാവിയിൽ മലബാറിനാണ് വികസന സാധ്യത. കോവളം-ബേക്കൽ ജലപാത ഈ വർഷം പൂർത്തിയാകും. മലയോര ഹൈവേയുടെ പണിയും അന്തിമഘട്ടത്തിലാണ്. മാടക്കത്തറയിൽനിന്ന് വൈദ്യുതി എത്തിക്കാൻ 440 കെ.വി. ലൈൻ പൂർത്തിയായി. ഇനി 2040 വരെ മലബാറിൽ വൈദ്യുതി ക്ഷാമം ഉണ്ടാകില്ല. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പശ്ചാത്തലവികസനത്തിന് കേരളത്തിലാകെ 29,000 കോടിയാണ് ചെലവിട്ടതെങ്കിൽ ഈ സർക്കാർ ഇതിനകം 40,000 കോടി ചെലവിട്ടുവെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എ.മാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, എം.സി. ഖമറുദ്ദീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Content Highlights: steps against financial crisis in kerala