കരിയാട്: പറമ്പിൽനിന്ന് കിട്ടിയ സ്റ്റീൽപാത്രങ്ങൾ സ്റ്റീൽബോംബുകളാണെന്നറിയാതെ പുഴയിലെറിഞ്ഞപ്പോൾ വൻസ്ഫോടനം. ഇത് നാട്ടുകാരിൽ ഭീതി പരത്തി.

ശനിയാഴ്ച വൈകീട്ട് കാഞ്ഞിരക്കടവ് പുഴയോരത്താണ് സംഭവം. പാനൂർ നഗരസഭാപരിധിയിൽ പടന്നക്കരയിലെ കൊളങ്ങരക്കണ്ടി പദ്‌മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് രണ്ട് സ്റ്റീൽപാത്രങ്ങൾ കിട്ടിയത്. വീട്ടുകാർ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയതിനാൽ ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കൂടോത്രം ചെയ്ത വസ്തുക്കളായിരിക്കുമെന്ന് കരുതി ഇവ പുഴയിലുപേക്ഷിക്കാൻ വീട്ടുകാർ തീരുമാനിച്ചു. സ്റ്റീൽ ബോംബാണിതെന്നറിയാതെ സ്വന്തം കാറിൽ ഇതെടുത്ത് വീട്ടുകാർ കാഞ്ഞിരക്കടവ് പാലത്തിലേക്ക് കൊണ്ടുപോയി പുഴയിലെറിഞ്ഞു. അപ്പോഴാണ് ഉഗ്രസ്ഫോടനമുണ്ടായത്.

ശബ്ദം കേട്ട നാട്ടുകാർ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. വീട്ടുകാർ പരിഭ്രാന്തിയിലായി. സംഭവമറിഞ്ഞ് ചൊക്ലി പോലീസ് സ്ഥലത്തെത്തി.

സമഗ്രാന്വേഷണം നടത്തണം

പടന്നക്കരയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം അന്വേഷിക്കണമെന്ന് സി.പി.എം. കരിയാട് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ബോംബ് സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പടന്നക്കര വാർഡ് കമ്മിറ്റിയും ആവശ്യപ്പെട്ടു.