തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽത്തന്നെ നടത്തും. ദിവസംചുരുക്കി ചെലവുകുറച്ചായിരിക്കും കലോത്സവം സംഘടിപ്പിക്കുക. ഗ്രേസ് മാർക്കിന്റെ പ്രയോജനം ലഭിക്കുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗക്കാർക്കേ സംസ്ഥാനതല മത്സരമുണ്ടാകൂ. എൽ.പി., യു.പി. മത്സരങ്ങൾ സ്കൂൾതലത്തിൽ അവസാനിപ്പിക്കും.

കായിക, ശാസ്ത്ര മേളകളും മുൻതീരുമാനിച്ച തീയതികളിൽത്തന്നെ നടത്താനും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കലോത്സവ മാന്വൽ പരിഷ്കരണസമിതി തീരുമാനിച്ചു. പ്രളയബാധിത മേഖലയായ ആലപ്പുഴയിൽ കലോത്സവം നടത്തുന്നത് ആ ജില്ലയ്ക്കും ദുരിതബാധിതർക്കും ആത്മവിശ്വാസം പകരുമെന്ന് മന്ത്രി പറഞ്ഞു.

മത്സരയിനങ്ങൾ കുറയ്ക്കില്ല. ദിവസം കഴിയുന്നത്ര ചുരുക്കും. കർശനമായ ചെലവുചുരുക്കലും നടപ്പാക്കും. പന്തൽ, ഘോഷയാത്ര, ഉദ്ഘാടന-സമാപന സമ്മേളനങ്ങൾ എന്നിവ ഉണ്ടാകില്ല. രാത്രി മത്സരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾമാത്രമേ നൽകൂ. വിഭവസമൃദ്ധ സദ്യ നൽകില്ല. കുടുംബശ്രീക്കാകും ഭക്ഷണത്തിന്റെ ചുമതല.

ജില്ലാ മത്സരങ്ങൾ കുറ്റമറ്റതാക്കി അപ്പീലുകൾ ഒഴിവാക്കും. ഇതിനായി മികച്ച വിധികർത്താക്കളുടെ പാനൽ ഉണ്ടാക്കും. അവരായിരിക്കും ജില്ലാതലത്തിലും വിധിനിർണയം.

കായികമേള ഒക്ടോബറിൽ

കായികമേള ഒക്ടോബർ അവസാനം തിരുവനന്തപുരത്തും ശാസ്ത്രമേള നവംബറിൽ കണ്ണൂരും സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബറിൽ കൊല്ലത്തും നടത്തും. ദേശീയതലത്തിൽ കുട്ടികൾക്ക് മത്സരിക്കാൻവേണ്ടി ആർഭാടം ഒഴിവാക്കിയാകും ഇവ സംഘടിപ്പിക്കുക.

ചൊവ്വാഴ്ച ചേരുന്ന ഗുണനിലവാരസമിതിയോഗം കലോത്സവത്തിന്റെ സമയക്രമം, തീയതി എന്നിവ തീരുമാനിക്കും. പ്രളയത്തെത്തുടർന്ന് ഇപ്രാവശ്യം സംസ്ഥാന സ്കൂൾ കലോത്സവം നടത്തേണ്ടതില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചെലവുചുരുക്കി നടത്താൻ തീരുമാനിച്ചത്.