തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനവും സജ്ജമായി. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് നൽകുമെന്ന് കേന്ദ്ര സർക്കാരിന്റെ അറിയിപ്പിനെത്തുടർന്ന് സംസ്ഥാനത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിച്ചുവരുകയാണ്. നിലവിൽ സർക്കാർസ്ഥാപനങ്ങളുടെ വിവരങ്ങൾ പൂർണമായും കേന്ദ്രസർക്കാരിന്റെ പോർട്ടലിലേക്ക് നൽകിക്കഴിഞ്ഞു. സ്വകാര്യസ്ഥാപനങ്ങളിൽ 78 ശതമാനം സ്ഥാപനങ്ങളും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഡോക്ടർമാർമുതൽ ആശാപ്രവർത്തകർവരെയുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ആരോഗ്യപ്രവർത്തകരിൽത്തന്നെ ആദ്യഘട്ടത്തിൽ ആർക്കൊക്കെ നൽകണമെന്ന കാര്യത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ആവശ്യമായത്ര വാക്സിൻ സൂക്ഷിക്കുന്നതിന് കോൾഡ് സ്റ്റോറേജുകൾ സജ്ജമാക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ കരുതൽ നിരീക്ഷണത്തിലുള്ള ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർക്കാകും നൽകുകയെന്ന് കരുതുന്നത്.

പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന ഓക്സ്‌ഫെഡ് വാക്സിൻ ആണ് രാജ്യത്ത് വിതരണത്തിന് ലഭിക്കുമെന്ന് കരുതുന്നത്. വിലക്കുറവും ഇന്ത്യൻ സാഹചര്യത്തിൽ സൂക്ഷിക്കാൻ കഴിയുന്നതുമായ വാക്സിൻ ആണിതെന്നാണ് കരുതുന്നത്. 500 മുതൽ ആയിരം രൂപവരെ ഇതിന് വിലവരുമെന്നാണ് കരുതുന്നത്. ഈ മാസം അവസാനത്തോടെ ഓക്സ്‌ഫഡ് വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രായോഗികത ഫൈസറിന് തടസ്സം

: നിലവിൽ രോഗികൾക്ക് നൽകിത്തുടങ്ങിയ ഫൈസർ വാക്സിൻ സൂക്ഷിക്കുന്നതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ രാജ്യത്ത് നേരിട്ടേക്കാം. മെനസ് 70-80 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് ഇതുസൂക്ഷിക്കേണ്ടത്. മറ്റൊരു മരുന്നായ മൊഡേണ വാക്സിന് മൈനസ് 20 ഡിഗ്രി വരെയാണ് താപനിലവേണ്ടത്. ഫൈസർ വാക്സിൻ 95 ശതമാനവും മൊഡേണ വാക്സിൻ 94.5 ശതമാനം വരെയും ഫലംതരുന്നതായാണ് പഠനശേഷം കമ്പനികൾ അവകാശപ്പെടുന്നത്.

ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേർന്നുനിർമിക്കുന്ന കൊവാക്സിൻ ആണ് രാജ്യത്ത് പ്രതീക്ഷ തരുന്ന മറ്റൊരു പ്രതിരോധ മരുന്ന്. ഇതാകട്ടെ ഇപ്പോൾ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ഓക്സ്‌ഫഡ് മരുന്ന് ഇതിനോടകം 24,000 പേരിലാണ് പരീക്ഷിച്ചിട്ടുള്ളത്.