തിരുവനന്തപുരം: മൂല്യവർധിത നികുതി (വാറ്റ്) കുടിശ്ശിക ഈടാക്കാൻ ആകർഷകമായ പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കും. കേന്ദ്ര എക്‌സൈസ് നടപ്പാക്കിയ ‘സബ്കാ വിശ്വാസ്’ പദ്ധതിയുടെ മാതൃകയിലാണിത്.

ജി.എസ്.ടി. നിലവിൽവരുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന വാറ്റിലെ കുടിശ്ശിക പിരിച്ചെടുക്കാൻ പലതവണ സർക്കാർ ശ്രമിച്ചിരുന്നു. കാര്യമായ ഗുണമുണ്ടാകാത്തതിനാലാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്. 3000 കോടിയോളം രൂപയാണ് ഈയിനത്തിൽ സർക്കാരിനു കിട്ടാനുള്ളത്.

സാധാരണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതികളിൽ പിഴയും പലിശയും മാത്രമാണ് ഒഴിവാക്കുന്നത്. അതിനാൽ, കോടതിവ്യവഹാരങ്ങൾ അവസാനിപ്പിച്ച് കുടിശ്ശിക തീർക്കാൻ അധികംപേർ തയ്യാറാകില്ല. എന്നാൽ, സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് നടപ്പാക്കിയ പദ്ധതിയിൽ തർക്കമുള്ള നികുതിത്തുകയുടെ ഒരു ഭാഗവും ഒഴിവാക്കി നൽകിയിരുന്നു. ഇതേ മാതൃകയാണ് കേരളത്തിലും സ്വീകരിക്കുന്നത്. വ്യാപാരികൾക്ക് ഇത് ആകർഷകമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

ജി.എസ്.ടി.യിലെ ചോർച്ച ഒഴിവാക്കാനും ബജറ്റിൽ മാർഗങ്ങൾ നിർദേശിക്കും. കേരളത്തിൽ ഇപ്പോൾ 3.57 ലക്ഷം വ്യാപാരികളാണ് ജി.എസ്.ടി.യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സേവനമേഖലയിൽ 60,000 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജി.എസ്.ടി.ക്കു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും പത്തുശതമാനമാണു വർധന. എന്നാൽ, ഹരിയാണയിൽ ഇരട്ടിയായി. വിവിധതരം സംരംഭകരെ സംബന്ധിച്ച് വൈദ്യുതി ബോർഡിന്റെ വിവരശേഖരണം പ്രയോജനപ്പെടുത്തി കൂടുതൽപേരെ നികുതിവലയിൽ കൊണ്ടുവരാനാണു ശ്രമം.