എടപ്പാള്‍: കേന്ദ്ര-സംസ്ഥാന സംയുക്തസംരംഭമായി നടന്നിരുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി(എസ്.വി.ഇ.പി.) സമ്പൂര്‍ണ സംസ്ഥാന പദ്ധതിയാക്കുന്നു.

എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ആദ്യഘട്ടമായി ആരംഭിച്ച പദ്ധതി സംസ്ഥാനഫണ്ടിനുകീഴിലാക്കിയതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പത്തിന് എടപ്പാളില്‍ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. ഗ്രാമീണ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനാവശ്യമായ പരിശീലനവും ധനസഹായമുള്‍പ്പെടെയുള്ള പിന്തുണയും നല്‍കുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ട്അപ് വില്ലേജുകള്‍. കുടുംബശ്രീക്കാണ് നടത്തിപ്പുചുമതല.

ഒരുപഞ്ചായത്തില്‍ അഞ്ച് എന്ന കണക്കില്‍ മൈക്രോ ഇന്‍സെന്റീവ് കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കും. ഇവര്‍ വീടുകളിലും സംരംഭങ്ങളിലും കയറിയിറങ്ങി സംരംഭങ്ങളെക്കുറിച്ചും വീടുകളില്‍ ഏറ്റവുമധികം ആവശ്യം വരുന്ന ഉത്പന്നങ്ങളെക്കുറിച്ചുമടക്കം സര്‍വേ നടത്തും. ഇതിന്റെയടിസ്ഥാനത്തില്‍ പഞ്ചായത്തുകളില്‍ ഏറ്റവുമാവശ്യമുള്ളതും ലഭ്യതക്കുറവുള്ളതുമായ വസ്തുക്കള്‍ക്കായി നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കും.

വ്യക്തിഗത സംരംഭങ്ങള്‍ക്ക് ഒരുലക്ഷം രൂപവരെയും രണ്ടു പേരില്‍ കൂടുതലുള്ള സംഘങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെയും നാലുശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കും. ഇതിന്റെ പലിശ തിരിച്ചടവില്‍ നിശ്ചിതശതമാനം വീതം അയല്‍ക്കൂട്ടങ്ങള്‍ക്കും എ.ഡി.എസിനും സി.ഡി.എസിനും വീണ്ടും വായ്പയായി നല്‍കും. ഇത്തരത്തില്‍ 2,400 യൂണിറ്റുകളാണ് ആരംഭിക്കുക.

ഇവയുടെ വിജയത്തിനുശേഷം പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും. കേന്ദ്രഫണ്ടില്ലാതെ സംസ്ഥാനം ഒറ്റയ്ക്ക് ഏറ്റെടുത്ത പദ്ധതിക്കായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ സി.കെ. ഹേമലത, ടി.കെ. മുനവര്‍, പി. റനീഷ്, എടപ്പാള്‍ സി.ഡി.എസ്. പ്രസിഡന്റ് പി. രാജലക്ഷ്മി എന്നിവര്‍ അറിയിച്ചു.