തിരുവനന്തപുരം: സർക്കാരിന്റെ പുതിയ തീരുമാനത്തോടെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്/വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ/തഹസിൽദാർ നൽകുന്ന ജാതിസർട്ടിഫിക്കറ്റിനുപകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ/അവരിലൊരാളുടെ എസ്.എസ്.എൽ.സി. ബുക്ക്/വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

ഭാര്യയുടെയും ഭർത്താവിന്റെയും എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ/വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയിട്ടുള്ള വിവാഹസർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിനുപകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്കർഷിക്കും. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കും.

വിദേശത്തുപോകാൻ ഓൺലൈനായി സാക്ഷ്യപ്പെടുത്താം

ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം വിദേശത്തുപോകുന്ന തൊഴിലന്വേഷകർക്ക് നൽകും. ഇതിനായി സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർസെക്കൻഡറി വിഭാഗം, തദ്ദേശവകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം നൽകും. ബന്ധപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഓൺലൈനായി പരിശോധിക്കാം.

ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. പരിശോധിച്ചശേഷം അറ്റസ്റ്റേഷൻ പൂർത്തീകരിച്ച്, സേവനം ലഭ്യമാകേണ്ട വ്യക്തിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകും.