തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്നു മാറ്റി. വ്യാഴാഴ്ച മെഡിക്കൽ ബോർഡ് നടത്തിയ വിശദപരിശോധനയിൽ ആരോഗ്യനിലയിൽ മാറ്റംവന്നുവെന്നു ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണിത്. ഹൈകെയർ (സ്റ്റെപ്പ് ഡൗൺ) വാർഡിലേക്കാണു മാറ്റിയത്.

ശ്രീറാമിന് മറവിരോഗമായ ‘റെട്രോഗ്രേഡ് അംനീഷ്യ’ ഒഴികെ അപകടശേഷമുള്ള മറ്റു രോഗലക്ഷണങ്ങൾക്ക് ശമനമുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് ഓർമ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. കാലക്രമേണ ഇതിനു മാറ്റമുണ്ടാകുമെന്നും ഡോക്ടർമാർ അറിയിച്ചു.

ശ്രീറാമിന്റെ ഇടതുകൈയുടെ മണിബന്ധത്തിന് പരിക്കുണ്ടായിരുന്നു. എം.ആർ.ഐ. പരിശോധനയിൽ ലിഗമെൻറിന് (സ്നായു) സാരമായ പരിക്കുണ്ടെന്നു കണ്ടെത്തിയതിനാൽ ചികിത്സ തുടരാൻ നിർദേശം നൽകി. വയറിന് അസ്വസ്ഥതയുണ്ടായിരുന്നെങ്കിലും ജനറൽ സർജറി വിഭാഗം വ്യാഴാഴ്ച നടത്തിയ സി.ടി. സ്കാൻ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയില്ല.

കഴുത്തിലും കൈയിലും വേദനയുണ്ട്. നട്ടെല്ലിന്റെ ഡിസ്കിനുണ്ടായ നേരിയ സ്ഥാനമാറ്റംമൂലം സുഷുമ്നാനാഡിക്കു സമ്മർദമുണ്ടെന്ന് എം.ആർ.ഐ., സി.ടി. സ്കാൻ പരിശോധനയിലും വ്യക്തമായി. അതിനാൽ ചികിത്സ തുടരാൻ ന്യൂറോസർജറി വിഭാഗവും നിർദേശിച്ചിട്ടുണ്ട്. മൂന്നാഴ്ചത്തെ ചികിത്സയ്ക്കുശേഷം ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്താമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

ശ്രീറാമിനുണ്ടായിരുന്ന മറവിരോഗം ഒഴികെ തലവേദന, ഓക്കാനം, ഛർദി എന്നിവയ്ക്ക് ശമനമുണ്ടായതിനാലാണ് അദ്ദേഹത്തെ ഐ.സി.യു.വിൽനിന്നു മാറ്റുന്നതെന്ന്‌ മെഡിക്കൽ ബോർഡ് അറിയിച്ചു. മാനസികരോഗ വിഭാഗം നടത്തിയ പരിശോധനയിൽ ശ്രീറാമിന് മാനസികസംഘർഷം കുറയ്ക്കാനുള്ള മരുന്ന് തുടരാനും നിർദേശിച്ചിട്ടുണ്ട്.

Content Highlights: Sriram Venkitaraman was shifted from the ICU