തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. പത്തുവർഷം തടവുശിക്ഷ വരെ ലഭിക്കാവുന്ന കേസിൽ പ്രതിയായി റിമാൻഡിലായതിനെത്തുടർന്നാണ് അഖിലേന്ത്യാ സർവീസിലെ ചട്ടങ്ങളനുസരിച്ചുള്ള നടപടി. ചീഫ് സെക്രട്ടറി ടോം ജോസാണ് ഉത്തരവിറക്കിയത്.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹേബിന്റെ മേൽനോട്ടത്തിൽ അഞ്ചംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നടപടികളിൽ വീഴ്ചവരുത്തിയ മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ ക്രൈം എസ്.ഐ. ജയപ്രകാശിനെയും സസ്‌പെൻഡ് ചെയ്തു.

ശ്രീറാം ഐ.സി.യു.വിൽ

ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജ് ജയിൽ സെല്ലിൽനിന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി സർജറി വിഭാഗം ഡോക്ടർമാരെത്തി പരിശോധിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു.

ആന്തരികക്ഷതം സംഭവിച്ചിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് മെഡിക്കൽ ബോർഡ് അധികൃതരുടെ വാദം. ആദ്യം സർജറി ഐ.സി.യു.വിലും പിന്നീട് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ട്രോമാ ഐ.സി.യു.വിലും പ്രവേശിപ്പിച്ചു. 72 മണിക്കൂർ നിരീക്ഷണത്തിലായിരിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദേശം. പരിശോധനാ ഫലങ്ങളിൽ പ്രശ്‌നമില്ലെങ്കിൽ വീണ്ടും ആശുപത്രി സെല്ലിലേക്കു മാറ്റാനാണു സാധ്യത.

ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് വഫ

അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി സഹയാത്രിക. വഫ ഫിറോസ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇക്കാര്യം. മദ്യത്തിന്റെ മണമുണ്ടായിരുന്ന ശ്രീറാമിനോട് പതുക്കെ പോകാൻ ആവശ്യപ്പെട്ടെങ്കിലും വേഗത്തിലാണ് വണ്ടിയോടിച്ചതെന്നും മൊഴിയിലുണ്ട്. അപകടം നടന്ന് ഒമ്പത് മണിക്കൂറിനുശേഷം ശ്രീറാമിൽനിന്നെടുത്ത രക്ത സാമ്പിളിൽ മദ്യാംശമില്ലെന്നാണ് കണ്ടെത്തിയത്.

Content Highlights: Sriram venkitaraman suspended-Special team to investigate