തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു മരിച്ച കേസിൽ സസ്‌പെൻഷനിലായിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ മൂന്നുമാസത്തേക്കുകൂടി നീട്ടി. ജനുവരി 31ന് സസ്‌പെൻഷൻ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു. ശ്രീറാമിനെ തിരിച്ചെടുക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ തള്ളിയാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

കഴിഞ്ഞവർഷം ഓഗസ്റ്റ് മൂന്നിന് പുലർച്ചെയായിരുന്നു ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കെ.എം. ബഷീർ ശ്രീറാം ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. മ്യൂസിയം പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതോടെ സസ്‌പെൻഷനിലുമായി.

സംഭവത്തെക്കുറിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥരായ സഞ്ജയ് ഗാർഗ്, ബി.അശോക് എന്നിവരുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

Content Highlights: Sriram Venkitaraman's suspension extended for three months