തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയെന്ന കേസിൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനു ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

സമൂഹത്തിനു മാതൃകയാവേണ്ട ഉന്നത ഉദ്യോഗസ്ഥൻ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിനു ജാമ്യം അനുവദിക്കരുതെന്നും സർക്കാർ അഭിഭാഷക വി.എം. ഉമ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിയിക്കാനാവാത്തതിനാൽ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ, ജാമ്യം റദ്ദാക്കാനായി മേൽക്കോടതിയിൽ അപ്പീൽ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

അപകടസമയത്ത് ശ്രീറാം മദ്യപിച്ചതിനു തെളിവില്ലെന്ന ശ്രീറാമിന്റെ അഭിഭാഷകന്റെ വാദം ജാമ്യം ലഭിക്കുന്നതിൽ നിർണായകമായി. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പോലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഭാഗങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഭൂമാഫിയക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതിന് രാഷ്ട്രീയക്കാർ എതിരായെന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥവൃന്ദവും ഒത്തുകളിച്ച് ശ്രീറാമിനെ കുടുക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. റിമാൻഡിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമാ കെയർ ഐ.സി.യു.വിൽ ചികിത്സയിലാണ്.

പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾ ശക്തമായതോടെയാണ് വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. കെ.എം. ബഷീർ മരിക്കാനിടയായ അപകടത്തിന്റെ അന്വേഷണത്തിലും തുടർനടപടികളിലുമുണ്ടായ പോലീസ് വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘം ചൊവ്വാഴ്ച യോഗം ചേർന്നു. എ.ഡി.ജി.പി. ഷെയ്ക്ക് ദർവേഷ് സാഹേബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണം സംബന്ധിച്ച കാര്യങ്ങളും ചർച്ചചെയ്തു.

ഡോപമിൻ ടെസ്റ്റ് വേണമെന്നു ഹർജി

ശ്രീറാം വെങ്കിട്ടരാമനെ ഡോപമിൻ ടെസ്റ്റിനു വിധേയമാക്കണമെന്ന ആവശ്യവുമായി ‘സിറാജ്’ പത്രത്തിന്റെ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. അപകടസമയത്ത് അദ്ദേഹം ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന ആവശ്യപ്പെട്ടത്. കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

Content Highlights: Sriram Venkitaraman granted bail