തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ച അപകടത്തിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ തിങ്കളാഴ്ച വൈകീട്ടോടെ മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. നാലാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

നാലു ദിവസം മുൻപ്‌ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്‌ സ്റ്റെപ്പ് ഡൗൺ വാർഡിലേക്കും തുടർന്ന് പേ വാർഡിലേക്കും മാറ്റിയിരുന്നു.

അപകടത്തിനു സാക്ഷിയായിരുന്ന ബെൻസണും അന്വേഷണസംഘത്തിനു മൊഴികൊടുത്തു. ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യപിച്ചിരുന്നുവെന്നും ബെൻസൺ മൊഴിനൽകി. അപകടം നടന്ന സമയത്ത് ഇതുവഴി ബൈക്കിൽ വരുകയായിരുന്നു, സ്വകാര്യ ഭക്ഷണവിതരണ കമ്പനി ജീവനക്കാരനായ ബെൻസൺ. വാഹനം അമിതവേഗത്തിലാണ് വന്നത്. ഡ്രൈവറുടെ സീറ്റിൽനിന്നു പുറത്തിറങ്ങിയത് ശ്രീറാം വെങ്കിട്ടരാമൻതന്നെയായിരുന്നെന്നും ബെൻസൺ പോലീസിനോടു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം മൊഴിനൽകിയ ജോബിയും ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ് പറഞ്ഞത്. കാർ ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് ജോബിയും പറഞ്ഞിരുന്നു.

അപകടത്തിൽപ്പെട്ട കാറിന്റെ ക്രാഷ് ഡാറ്റ െറക്കോഡർ എന്ന ഭാഗം പരിശോധിക്കാൻ അന്വേഷണസംഘം കാർ കമ്പനിയുടെ സഹായം തേടിയിട്ടുണ്ട്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതാണ് കാർ.

അപകടത്തിൽപ്പെട്ടപ്പോൾ കാറിന്റെ വേഗം അടക്കമുള്ള കാര്യങ്ങൾ ഇതിലൂടെ കണ്ടെത്താനാകും.

Content Highlights: Sriram Venkitaraman discharged from hospital