തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ പോലീസ് അട്ടിമറിക്ക് ശ്രമിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. അപകടം നടന്ന സമയത്ത് കവടിയാർമുതൽ അപകടസ്ഥലം വരെയുള്ള ഭാഗത്ത് പോലീസിന്റെ സുരക്ഷാ ക്യാമറകൾ പ്രവർത്തിച്ചില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശരേഖകൾ പുറത്തുവന്നു.

ഓഗസ്റ്റ് രണ്ടിനു നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ രാജ്ഭവൻ ഭാഗത്തും മ്യൂസിയം ഭാഗത്തും പോലീസിന്റെ ക്യാമറകൾ പ്രവർത്തിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ബഷീർ മരിക്കാനിടയായ അപകടം നടന്നത് ഓഗസ്റ്റ് മൂന്നിന് പുലർച്ചെയായിരുന്നു.

മദ്യലഹരിയിലായിരുന്ന ശ്രീറാം അതിവേഗത്തിൽ വാഹനമോടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ദൃക്‌സാക്ഷി മൊഴി. കവടിയാർമുതൽ പബ്ലിക് ഓഫീസിനു മുൻവശംവരെയുള്ള ഭാഗത്തെ പോലീസിന്റെ ക്യാമറകൾ പരിശോധിക്കണമെന്ന ആവശ്യമുയർന്നപ്പോൾ ക്യാമറകൾ കേടാണെന്ന വാദമാണ് പോലീസ് മുന്നോട്ടുവെച്ചത്. എന്നാൽ, ഇത് തെറ്റാണെന്നു തെളിയിക്കുന്നതാണ് വിവരാവകാശ രേഖ.

നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന 233 ക്യാമറകളിൽ 77 എണ്ണം മാത്രമാണ് പ്രവർത്തിക്കാത്തതെന്നും 144 എണ്ണം പ്രവർത്തിച്ചിരുന്നുവെന്നും പോലീസ് നൽകിയ വിവരങ്ങൾ വ്യക്തമാക്കുന്നു. 12 ക്യാമറകളാകട്ടെ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഇളക്കിമാറ്റി. മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളുള്ളതിൽ അപകടദിവസം അവയെല്ലാം പ്രവർത്തിച്ചിരുന്നു. ഒരു ഡൂം ക്യാമറയും മൂന്ന് ഫിക്‌സഡ് ക്യാമറയുമാണ് ഇവിടെയുള്ളത്.

രാജ്ഭവൻ ഭാഗത്തെ മൂന്ന് ക്യാമറകളിൽ രണ്ടെണ്ണം തകരാറിലായിരുന്നെങ്കിലും ഒരു ക്യാമറ പ്രവർത്തിക്കുന്നതാണെന്നാണ് വിവരാവകാശപ്രകാരം കാക്കനാട് സ്വദേശി രാജ് വാഴക്കാലയ്ക്ക് നൽകിയ മറുപടിയിൽ സിറ്റി പോലീസ് വ്യക്തമാക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമൻ കവടിയാറിൽനിന്നാണ് അപകടം നടന്ന സ്ഥലത്തേക്ക് വാഹനത്തിലെത്തിയത്. കവടിയാർമുതൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയാണ് വാഹനമോടിച്ചത്. ഇടയ്ക്കുവെച്ച് ശ്രീറാം ഡ്രൈവർസീറ്റിലേക്ക് മാറുകയും അതിവേഗത്തിൽ വാഹനമോടിക്കുകയായിരുന്നുവെന്നുമാണ് വഫ കോടതിയിൽ നൽകിയ മൊഴിയിൽ പറഞ്ഞത്. ഈ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നെന്നും അവർ മൊഴി നൽകിയിരുന്നു.

അപകടം നടന്നയുടൻ പോലീസ് വഫയെ വാഹനത്തിൽ വീട്ടിലേക്ക് അയക്കുകയും ശ്രീറാമിനെ ജനറൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വാഹനമോടിച്ചത് വഫയാണെന്ന വാദമാണ് പോലീസ് ഉയർത്തിയത്. അപ്പോഴാണ് ക്യാമറകൾ പരിശോധിക്കണമെന്ന ആവശ്യമുയർന്നത്.

Content Highlights: sriram venkitaraman accident case; rti replies says cctv cameras were working