തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ്. ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയതിൽ ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തി പോലീസ് റിപ്പോർട്ട്.

പോലീസ് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ ശ്രീറാമിന്റെ രക്തമെടുക്കാൻ തയാറായില്ല. അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിലായിരുന്നു. പരിക്കുള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റി. മദ്യത്തിന്റെ മണമുള്ളതായി ഡോക്ടർ എഴുതിയെങ്കിലും രക്തമെടുക്കാൻ തയ്യാറായില്ലെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ പോലീസ് ജനറൽ ആശപത്രിയിലാണ് എത്തിച്ചതെങ്കിലും അവിടെ നിന്നും ഓട്ടോറിക്ഷയിൽ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. പരാതിക്കാർ അടുത്ത ദിവസം രാവിലെ ഏഴിനാണ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയത്. ഇതിന് ശേഷമാണ് എഫ്.ഐ.ആർ. തയാറാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാനായത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശ്രീറാമിന്റെ രക്തസാമ്പിൾ എടുക്കാൻ വൈകിയെന്നത് ന്യായീകരിക്കാനാണ് പോലീസ് ഇങ്ങനെ പറയുന്നതെന്ന് ആക്ഷേപമുണ്ട്. പരാതിക്കാർ വൈകിയതാണ് രക്ത സാമ്പിൾ ശേഖരിക്കാൻ താമസിപ്പിച്ചതെന്ന ന്യായീകരണമാണ് പോലീസ് നൽകുന്നത്.

Content Highlights: sriram venkitaraman accident case; police report against doctor