തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ കരുനീക്കങ്ങൾ.

റിമാൻഡിലായിരുന്ന ശ്രീറാമിനെ ജയിലിലേക്കയയ്ക്കാൻ മജിസ്േട്രറ്റ് നിർേദശിച്ചെങ്കിലും മണിക്കൂറുകൾ നീണ്ട നാടകങ്ങൾക്കൊടുവിൽ എത്തിച്ചത് മെഡിക്കൽ കോളേജിൽ. രാത്രി ഒന്പതോടെയാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിലെ സെല്ലിലേക്ക് മാറ്റിയത്. ഇതോടെ ശ്രീറാം പൂജപ്പുര ജയിലിൽ കഴിയുന്നത് തത്കാലത്തേക്ക് ഒഴിവായി.

അപകടം നടന്ന ഒന്പതു മണിക്കൂറിനുശേഷം മാത്രമെടുത്ത രക്തപരിശോധനയും ശ്രീറാമിന് അനുകൂലമാണെന്നാണ് സൂചന. ഏറെ സമ്മർദത്തിനൊടുവിൽ ശേഖരിച്ച രക്തസാമ്പിൾ കെമിക്കൽ എക്സാമിനേഷൻ ലാബിലാണ് പരിശോധിച്ചത്. വാഹനമോടിച്ച സമയത്ത് ശ്രീറാം മദ്യപിച്ചോയെന്ന് അറിയാനുള്ള പരിശോധന വൈകിപ്പിച്ചത് അദ്ദേഹത്തെ രക്ഷിക്കാനാണെന്ന് ആരോപണമുയർന്നിരുന്നു. റിപ്പോർട്ട് തിങ്കളാഴ്ച കൈമാറുമെന്നാണ് വിവരം.

സംഭവത്തിൽ ശനിയാഴ്ച വൈകീട്ട് റിമാൻഡ് ചെയ്തിരുന്നെങ്കിലും സ്വകാര്യ ആശുപത്രിയിലെ എ.സി. ഡീലക്സ് മുറിയിലായിരുന്നു ശ്രീറാം. ആഡംബരവാസം വിവാദമായതോടെയാണ് പോലീസ് അദ്ദേഹത്തെ മജിസ്േട്രറ്റിനു മുന്നിൽ ഹാജരാക്കിയത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തുടരേണ്ടെന്നായിരുന്നു മജിസ്േട്രറ്റ് എസ്.ആർ. അമൽ നിർദേശിച്ചത്. തുടർചികിത്സ ആവശ്യമാണെങ്കിൽ ജയിലധികൃതർക്ക് തീരുമാനമെടുക്കാമെന്നും നിർദേശിച്ചു.

ഇതനുസരിച്ചാണ് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയത്. എന്നാൽ, ജയിൽ ഡോക്ടറുടെ നിർദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 14 ദിവസം റിമാൻഡിലുള്ള ശ്രീറാം കോടതിയിൽ തിങ്കളാഴ്ച ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.

ആദ്യവസാനം നാടകം

സുഖവാസത്തിൽനിന്ന് സെല്ലിലേക്ക്

രാവിലെ

* ആശുപത്രിയിൽ സുഖവാസം

റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ ആഡംബരമുറിയിലാണ് കഴിയുന്നതെന്നും മൊബൈൽ ഫോൺ അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള വാർത്ത പുറത്ത്. ഉച്ചവരെ സാമൂഹികമാധ്യമങ്ങളിലും ശ്രീറാമിന്റെ നമ്പർ സജീവമായിരുന്നു. ഇയാൾ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചതായും വിവരമുണ്ട്. ഈ വിവരങ്ങളെല്ലാം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഫോൺ സ്വിച്ച് ഓഫാക്കി. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള ഐ.എ.എസുകാർ ശ്രീറാമിനെ സന്ദർശിച്ചെന്നും ആരോപണം. ശ്രീറാമിന്റെ സുഹൃത്തുക്കളടക്കമുള്ളവരും ആശുപത്രിയിലുണ്ടായിരുന്നു. ശ്രീറാമിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാതെയും ഒളിച്ചുകളി.

ഉച്ചയ്ക്ക് 12.00

വ്യാപകപ്രതിഷേധം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കെ. രാജുവും സിറാജ് മാനേജ്‌മെന്റും പത്രപ്രവർത്തക യൂണിയനുമെല്ലാം പ്രതിഷേധവുമായി രംഗത്തത്തി. ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് പത്രപ്രവർത്തകയൂണിയൻ.

വൈകീട്ട് അഞ്ചര

* സ്‌െട്രച്ചറിൽ മെഡിക്കൽ കോളേജിലേക്ക്

ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന ഭാവത്തിൽ ശ്രീറാമിനെ പുറത്തിറക്കിയത് സ്ട്രച്ചറിൽ. ദേഹം മറച്ച നിലയിലായിരുന്നു പുറത്തെത്തിച്ചത്. മുഖത്ത് മാസ്കും.

വൈകീട്ട് 5.30

* ജയിലിലേക്ക് വിടാൻ മജിസ്േട്രട്രറ്റ്

കൈതമുക്കിലെ മജിസ്േട്രറ്റിന്റെ വീട്ടിൽ ഹാജരാക്കി.  ആംബുലൻസിലുണ്ടായിരുന്ന ശ്രീറാമിനെ അവിടെയെത്തിയാണ് മജിസ്േട്രറ്റ് കണ്ടത്. ആരോഗ്യ റിപ്പോർട്ട് പരിശോധിച്ച് ശ്രീറാമിനെ ജയിലിലേക്കയക്കാൻ നിർദേശിച്ചു. ആവശ്യമുണ്ടെങ്കിൽ തുടർ ചികിത്സ നൽകാനും നിർദേശം.

6.15

* മെഡിക്കൽ കോളേജിലേക്ക് വിടണമെന്ന് ഡോക്ടർമാർ

പൂജപ്പുര സബ്ജയിലിലെത്തിച്ചു. ആംബുലൻസിൽെവച്ചുതന്നെ ജയിൽ ഡോക്ടർ പരിശോധിച്ചു. നെട്ടെല്ലിലെ സ്പൈനൽ കോഡിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും ഇടയ്ക്ക് ഛർദിയുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പരിശോധന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഡോക്ടർമാർ ജയിൽ അധികൃതരുമായി ചർച്ച നടത്തിയശേഷം തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു.

രാത്രി 9.00

മെഡിക്കൽ കോളേജിലെ സെല്ലിൽ പ്രവേശിപ്പിച്ചു

ഇന്ന് സസ്പെൻഡ് ചെയ്യും

ശ്രീറാം വെങ്കിട്ടരാമനെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്യും. ഇത് സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. തിങ്കളാഴ്ച മുഖ്യമന്ത്രി പരിശോധിക്കും.

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ 48 മണിക്കൂർ റിമാൻഡിലായാൽ പ്രത്യേകിച്ച് ഉത്തരവില്ലെങ്കിൽത്തന്നെ സസ്പെൻഷനിലാവുമെന്നാണ് ചട്ടം. പിന്നീട് സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ് വേണം. ശ്രീറാമിനെ റിമാൻഡുചെയ്തത് ശനിയാഴ്ച രാത്രിയോടെയാണ്.

സിവിൽസർവീസ് പെരുമാറ്റച്ചട്ടമനുസരിച്ച് ഉദ്യോഗസ്ഥൻ മദ്യപിച്ച് പൊതുസ്ഥലത്ത് എത്തുന്നതുപോലും അച്ചടക്കനടപടിക്ക് കാരണമാകും. ശ്രീറാമിനോട് പക്ഷപാതംകാട്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും ഉടൻ നടപടിയുണ്ടാവും.

Content Highlights: sriram venkitairaman-transferred to Medical College Cell