തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെയും അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനെയും പോലീസ് ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘത്തലവൻ അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് മെഡിക്കൽകോളേജ് ആശുപത്രി ഡോക്ടർമാരുടെ അനുമതിയോടെയാണ് ശ്രീറാമിനെ ചോദ്യം ചെയ്തത്.

അപകടം നടക്കുമ്പോൾ മദ്യപിച്ചിരുന്നില്ലെന്ന്‌ ശ്രീറാം പറഞ്ഞു. താൻതന്നെയാണ് വാഹനമോടിച്ചതെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ അപകടം എങ്ങനെയുണ്ടായി എന്ന വിവരം നൽകിയിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട ഒന്നും ഓർമയില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് സൂചന. അപകടം നടന്ന് ആറുദിവസങ്ങൾക്കുശേഷം വിരലടയാള വിദഗ്‌ധരുടെ നേതൃത്വത്തിൽ ശ്രീറാമിന്റെ വിരലടയാളവും ശേഖരിച്ചു. ഈ വിരലടയാളം അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് ലഭിച്ച വിരലടയാളവുമായി ഒത്തുനോക്കും. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ഫോണിൽ ആരൊക്കെ വിളിച്ചു, അവർ ആരെയൊക്കെ വിളിച്ചു എന്നിവ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു.

വഫ ഫിറോസിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ശ്രീറാം കാറുമായി എത്താൻ വാട്സാപ്പ് സന്ദേശം അയച്ചതിനെത്തുടർന്നാണ് കവടിയാറിലെത്തി കൂട്ടിയതെന്ന് അവർ മൊഴി നൽകി. കോടതിയിൽ നൽകിയിരുന്ന മൊഴിയും അവർ ആവർത്തിച്ചു.

അപകടം നടന്ന സമയത്ത് ഈ മേഖലയിലുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കാനും നടപടി ആരംഭിച്ചു. പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും ക്യാമറകൾ പരിശോധിക്കാൻ അനുമതി തേടിയിട്ടുണ്ട്. പ്രദേശത്തെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സുരക്ഷാ ക്യാമറാ ദൃശ്യങ്ങളും പരിശോധിക്കും.

അപകടസമയത്ത് സംഭവസ്ഥലത്ത് എത്തിയ ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെയുള്ളവരുടെ മൊഴി വരും ദിവസങ്ങളിൽ ശേഖരിക്കും.

Content Highlights: Sriram said he was not drunk-fingerprint was collected