ശ്രീകണ്ഠപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകളുടെ കടിയേറ്റ 104 പേര്‍ക്കായി 60.11 ലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണമെന്ന് വകുപ്പ് ഉത്തരവിറക്കി.

കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി സുപ്രീംകോടതി ഉത്തരവു പ്രകാരം നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ തീരുമാനവും സുപ്രീംകോടതി വിധിയും അനുസരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.

തെരുവുനായകളുടെ കടിയേറ്റവര്‍ക്ക് വ്യക്തിഗതമായി പരമാവധി അഞ്ചു ലക്ഷം രൂപയാണ് വിധിച്ചിട്ടുള്ളത്. കുറഞ്ഞ തുക 8500 രൂപയാണ്. ഒരു ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ നഷ്ടപരിഹാരം ലഭിക്കുന്നവര്‍ 14 പേരുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ത്തന്നെ തെരുവുനായയുടെ കടിയേറ്റതിന് ഇത്ര വലിയ തുക തദ്ദേശസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നിട്ടില്ല.

ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി പരിഗണിച്ച പരാതികളില്‍ രണ്ടെണ്ണം സ്വന്തം വളര്‍ത്തുനായതന്നെ കടിച്ചതാണെന്ന കാരണത്താല്‍ തള്ളിക്കളഞ്ഞു. കടിച്ചതിന് തെളിവില്ലാത്തതിനാല്‍ രണ്ട് പരാതികളും സിറ്റിങ്ങിന് പരാതിക്കാര്‍ ഹാജരാവാത്തതിന് ഏഴെണ്ണവും പരിഗണിച്ചില്ല. കോയമ്പത്തൂരില്‍വെച്ച് കടിയേറ്റയാളുടെ പരാതിയും പരിഗണിച്ചില്ല.

തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍നിന്നോ പ്ലാന്‍ ഫണ്ടില്‍നിന്നോ നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. വന്‍ തുക നഷ്ടപരിഹാരമായി നല്‍കേണ്ടിവരുന്ന പല തദ്ദേശസ്ഥാപന അധികൃതരും ഉത്തരവുകണ്ട് ഞെട്ടിയിരിക്കുകയാണ്. പരാതികള്‍ സംബന്ധിച്ച സിറ്റിങ് നടന്നപ്പോള്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ കൂടാതെ ഹാജരായ തദ്ദേശസ്ഥാപനങ്ങളാണ് കൂടുതല്‍ വെട്ടിലായിരിക്കുന്നത്. ഇപ്പോഴത്തെ ഉത്തരവിന്റെ വെളിച്ചത്തില്‍ തെരുവുനായശല്യം പരിഹരിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.

ലക്ഷത്തിനുമുകളില്‍ നഷ്ടപരിഹാരം ലഭിക്കുന്നവരും തുകനല്‍കേണ്ട തദ്ദേശസ്ഥാപനങ്ങളും

കനകദാസ് - അഞ്ച് ലക്ഷം (കോഴിക്കോട് കോര്‍പ്പറേഷന്‍), നസറുദ്ദീന്‍ - അഞ്ച് ലക്ഷം (കൊല്ലം കോര്‍പ്പറേഷന്‍), ദാരുഷ് - അഞ്ചുലക്ഷം (വെള്ളറട - ഒറ്റശേഖരമംഗലം പഞ്ചായത്തുകള്‍ തുല്യമായി), രവീന്ദ്രന്‍ നായര്‍ - 3.10 ലക്ഷം (പിണ്ടിമല പഞ്ചായത്ത്), കെ.പി. രാമചന്ദ്രന്‍ - 2.60 ലക്ഷം (കുന്നോത്ത് പറമ്പ് പഞ്ചായത്ത്), ജോസ് സെബാസ്റ്റ്യന്‍ - 2.60 ലക്ഷം (അകല കുന്നം പഞ്ചായത്ത്), അമല്‍ റാഫേല്‍ - 2.96 ലക്ഷം (തുറവൂര്‍ പഞ്ചായത്ത്), കല്യാണി - 1.90 ലക്ഷം (പേരാമ്പ്ര പഞ്ചായത്ത്), കെ.വി. ബാലകൃഷ്ണന്‍ - 1.83 ലക്ഷം (അഴിയൂര്‍ പഞ്ചായത്ത്), കെ. ഇസ്മയില്‍ - 1.69 ലക്ഷം (കണ്ണൂര്‍ കോര്‍പ്പറേഷന്‍), വി. തങ്കപ്പന്‍ - 1.32 ലക്ഷം (പുനലൂര്‍ നഗരസഭ), കെ.സി. പ്രീത - 1.18 ലക്ഷം (കൊടുവള്ളി നഗരസഭ), ബേബി ഫാത്തിമ നിദ - 1.07 ലക്ഷം (കൊടുവള്ളി നഗരസഭ), പി. ചെന്താമരാക്ഷന്‍ - 1.01 ലക്ഷം (കൂടാളി പഞ്ചായത്ത്).