തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ വാട്‌സാപ്പ് സന്ദേശംവഴി തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് പോലീസിനു മൊഴിനൽകി. കാറുമായി വരാൻ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ എത്തിയത്. തന്റെ പേരിലുള്ള കെ.എൽ. 01-ബിഎം 360 എന്ന കാർ അപകടത്തിൽപ്പെടുമ്പോൾ ശ്രീറാം ആണ് ഓടിച്ചിരുന്നതെന്നും അവർ കന്റോൺമെന്റ് പോലീസിന് മൊഴിനൽകി.

അതിവേഗത്തിലെത്തിയ ഈ കാറിടിച്ചാണ് മാധ്യമപ്രവർത്തകനായ ബഷീർ മരിച്ചത്. കവടിയാർ എത്താനാണ് തന്നോട് ശ്രീറാം ആവശ്യപ്പെട്ടത്. അവിടെനിന്ന്‌ വഴുതക്കാടുള്ള ഒരു ക്ലബ്ബിൽ കാറുമായി എത്തി. ശ്രീറാം നല്ലരീതിയിൽ മദ്യപിച്ചശേഷമാണ് അവിടെനിന്നു മടങ്ങിയത്. താൻ ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാർ ഓടിക്കുകയായിരുന്നു. പട്ടം മരപ്പാലത്തെ തന്റെ ഫ്ളാറ്റിലേക്കു മടങ്ങിപ്പോവുകയായിരുന്നെന്നും അവർ പോലീസിനോട് പറഞ്ഞു. എന്നാൽ, കവടിയാറിലെ തന്റെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പോലീസിനു മൊഴിനൽകിയത്.

മൂന്നാർ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധനതോന്നി ഫെയ്‌സ്‌ബുക്ക് വഴിയാണ്‌ അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വഫ പറഞ്ഞു. ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്. ഈയിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം നൽകിയിരുന്നു.

വിവാഹിതയായ വഫ അബുദാബിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു താമസം. ഈയിടെയാണ്‌ നാട്ടിലെത്തിയത്. തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തിൽപ്പട്ട കാർ രജിസ്റ്റർ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോർവാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്.

യുവതിയെ കേസിലെ നിർണായക സാക്ഷിയാക്കുന്നതിന്റെ ഭാഗമായി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽനടന്ന മൊഴിയെടുപ്പ് വൈകുന്നേരംവരെ നീണ്ടു. പിന്നീട്‌ കോടതിയിൽ ഹാജരാക്കി മജിസ്‌ട്രേറ്റ്‌ രഹസ്യമൊഴിയും രേഖപ്പെടുത്തി. എട്ടുപേജുള്ള രഹസ്യമൊഴിയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നൽകിയത്.

Content Highlights: sriram venkitaraman accident case