തിരുവനന്തപുരം: പത്തുവയസ്സു മുതൽ സമാന്തരമായി ഹിന്ദി പഠിച്ചത് ഗാനരചനയ്ക്കു തുണയായെന്ന് കവി ശ്രീകുമാരൻ തമ്പി. സ്കൂളിൽ പഠിക്കുമ്പോൾ സമാന്തരമായി ഹിന്ദി പ്രചാരസഭയുടെ കോഴ്‌സിനു ചേരുകയായിരുന്നു. ഇക്കാര്യം സഹപാഠികൾക്കുപോലും അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഹിന്ദി പ്രചാരസഭയുടെ ‘സാഹിത്യ കലാനിധി’ ബഹുമതി ബിരുദം മന്ത്രി എ.കെ.ബാലനിൽനിന്ന്‌ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻഷി പ്രേംചന്ദ് ഉൾപ്പെടെ ഹിന്ദിയിലെ മഹാരഥന്മാരുടെ കവിതകളും നോവലുകളും വായിച്ചതിലൂടെ തത്ത്വചിന്താപരമായ ഗാനങ്ങൾ എഴുതാൻ കഴിഞ്ഞു. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഹിന്ദിയാണ് രണ്ടാം ഭാഷയായി എടുത്തത്. കവിയെന്ന നിലയിൽ അംഗീകാരം ലഭിച്ചപ്പോൾ മലയാളഭാഷയ്ക്കാവണം ഇനി പ്രാധാന്യം നൽകേണ്ടതെന്ന ചിന്തയുണ്ടായി. തുടർന്ന് ബിരുദപഠനത്തിന് സർവകലാശാലയുടെ പ്രത്യേക അനുമതിയോടെ മലയാളം രണ്ടാം ഭാഷയായി എടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹിന്ദി പ്രചാരസഭയുടെ ബിരുദദാന സമ്മേളനവും മന്ത്രി ബാലൻ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസ്ഥാനങ്ങളുടെ മുഖമുദ്രയാണ് ഹിന്ദിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളോണിയൽ സംസ്കാരത്തിനെതിരേ ഗാന്ധിജി അണിനിരത്തിയ രണ്ടു പ്രതീകങ്ങളായിരുന്നു ഹിന്ദിയും ഖദറും. കൊളോണിയൽ സംസ്കാരത്തെ വലിച്ചെറിയാനുള്ള മാർഗമായി ഗാന്ധിജി ഹിന്ദി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി സർവകലാശാലാ മുൻ പ്രോ- വൈസ് ചാൻസലർ ഡോ. രവീന്ദ്രനാഥ് അധ്യക്ഷനായി. വി.എസ്.ശിവകുമാർ എം.എൽ.എ., ഇഗ്‌നോ റീജണൽ ഡയറക്ടർ ഡോ. ബി.സുകുമാർ, കേരള ഹിന്ദി പ്രചാരസഭ അധ്യക്ഷൻ ഗോപകുമാർ എസ്., മുൻ അധ്യക്ഷ ഡോ. എസ്.തങ്കമണി അമ്മ, സെക്രട്ടറി ബി.മധു, ട്രഷറർ ജി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Sreekumaran Thampi, Thiruvananthapuram