തിരുവനന്തപുരം: മൂന്നുവർഷംമുമ്പാണ് ശ്രീധന്യ ആദ്യമായി ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണുന്നത്. ആദിവാസികൾക്കുവേണ്ടിയുള്ള പദ്ധതിയുടെ അവലോകനയോഗത്തിലെ അധ്യക്ഷസ്ഥാനം വഹിച്ചത് മാനന്തവാടി സബ്കളക്ടറായ ശ്രീറാം സാംബശിവറാവുവാണ്. യോഗത്തിൽ മിനിട്‌സ് തയ്യാറാക്കുന്ന ജോലിയിൽ പദ്ധതിയുടെ കോ-ഓർഡിനേറ്ററായ ശ്രീധന്യയും. ഐ.എ.എസ്. ഉദ്യോഗസ്ഥന് ലഭിക്കുന്ന ബഹുമാനവും സ്വീകരണവും കണ്ട ശ്രീധന്യയുടെ മനസ്സിൽ പഴയൊരാഗ്രഹത്തിന് ജീവൻവെച്ചു. തനിക്കും ഐ.എ.എസുകാരിയാകണം.

ഐ.എ.എസിനെക്കുറിച്ച് ഒന്നുമറിയുമായിരുന്നില്ല. ജോലി രാജിവെച്ച് അതിനായി ഇറങ്ങിത്തിരിച്ചു. വയനാട്ടിലെ ഇടിയംവയലിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായിട്ടും കൂലിപ്പണിക്കാരായ അച്ഛനമ്മമാർ മകളുടെ തീരുമാനത്തിനൊപ്പംനിന്നു.

പലരിൽനിന്നായി കിട്ടിയ സഹായംകൊണ്ടാണ് പഠനം മുന്നോട്ടുകൊണ്ടുപോയത്. മൂന്നുവർഷങ്ങൾക്കിപ്പുറം വയനാട്ടിലെ ഗോത്രസമുദായമായ കുറിച്യർ വിഭാഗത്തിൽനിന്നുള്ള ആദ്യ സിവിൽ സർവീസുകാരിയായി. ഐ.എ.എസ്. എന്ന സ്വപ്നത്തിന്റെ പടിവാതിക്കൽ 410-ാം റാങ്കിലാണ് ശ്രീധന്യ സുരേഷുള്ളത്.

പൊതുവിഭാഗത്തിൽ റാങ്ക് നേടുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ ലഭിച്ചതിനെക്കാൾ കൂടിയ റാങ്കും പ്രതീക്ഷിച്ചിരുന്നു. എങ്കിലും സന്തോഷമേയുള്ളൂ. ഐ.എ.എസിലേക്ക് പ്രവേശനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ വീണ്ടും ശ്രമംതുടരും -ശ്രീധന്യ പറയുന്നു.

തിരുവനന്തപുരത്തെ പട്ടികജാതി-പട്ടികവർഗ ഐ.എ.എസ്. പരിശീലന കേന്ദ്രത്തിലായിരുന്നു ആദ്യ പരിശീലനം. പ്രിലിമിനറി കിട്ടിയശേഷം ഫോർച്യൂൺ എന്ന പരിശീലനകേന്ദ്രത്തിൽ സ്കോളർഷിപ്പോടെ പഠിച്ചു.

മലയാളമായിരുന്നു ഐച്ഛികവിഷയം. ഭാഷയോടും സാഹിത്യത്തോടുമുള്ള ഇഷ്ടമായിരുന്നു കാരണം. എം.ടി. വാസുദേവൻ നായരാണ് ഇഷ്ട എഴുത്തുകാരൻ. പഠനത്തിന് സ്വന്തം ശൈലി കണ്ടെത്തി. ഒരു മണിക്കൂർമുതൽ ആറു മണിക്കൂർവരെ പഠിച്ച ദിവസങ്ങളുണ്ട്.

ലക്ഷ്യബോധമുണ്ടെങ്കിൽ ആർക്കും സിവിൽ സർവീസിലേക്ക് കടന്നുവരാം. ചെലവു കൂടുതലാണെന്നതാണ് പ്രശ്നം -ശ്രീധന്യ പറഞ്ഞു.

തരിയോട് നിർമല സ്കൂളിലും ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലുമായിരുന്നു പഠനം. തുടർന്ന് ദേവഗിരി കോളേജിൽനിന്ന് 85 ശതമാനം മാർക്കോടെ സുവോളജിയിൽ ബിരുദം. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് എം.എസ്‌സി. നേടിയശേഷമാണ് പട്ടികവർഗവിഭാഗത്തിലെ ഒരു പദ്ധതിയിൽ കോ-ഓർഡിനേറ്ററായത്. വനിതാ പോലീസിലേക്കുള്ള പി.എസ്.സി. ലിസ്റ്റിലും ഇടംനേടി.

കഴിഞ്ഞദിവസം ഷോക്കേറ്റ് പരിക്കേറ്റ കൈയുമായാണ് ശ്രീധന്യ നാട്ടിലേക്ക് മടങ്ങിയത്. തലസ്ഥാനത്തെ സുഹൃത്തുക്കളോടും അധ്യാപകരോടുമെല്ലാം സന്തോഷം പങ്കുവെച്ചശേഷമായിരുന്നു മടക്കം.

Content Highlights: Sreedhanya Suresh, IAS, UPSC, Wayanad