തൃശ്ശൂര്‍: 'മരണയോട്ടം' നടത്തുന്ന വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ആരും പൂട്ടിടുന്നില്ല. 2007-ല്‍ തുടങ്ങിയ വേഗപ്പൂട്ട് പദ്ധതി രണ്ടുവര്‍ഷമായി നിശ്ചലം. വേഗപ്പൂട്ടില്ലാതെ വാഹനം ഓടിച്ചതിന് പത്തുമാസത്തിനിടെ ഒരു കേസുപോലും ഗതാഗതവകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍, അപകടമുണ്ടാകുമ്പോള്‍ വേഗപ്പൂട്ടില്ലെന്ന കാരണത്തില്‍ കേസ് ഉണ്ടാവുകയും ചെയ്യും.

ഗതാഗതവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 40 ലക്ഷം വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് വേണം. എന്നാല്‍, ഉള്ളത് നാലുലക്ഷം വണ്ടികളില്‍മാത്രം. ഇതില്‍ 90 ശതമാനവും സ്‌കൂള്‍ വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി. ബസുകളും.

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ വേഗപ്പൂട്ടുണ്ടെങ്കിലും മിക്കപ്പോഴും പ്രവര്‍ത്തിക്കാറില്ല. വകുപ്പിന്റെ മെക്കാനിക്കുകള്‍തന്നെ പൂട്ട് അല്പം അയച്ചുകൊടുക്കും. പൂട്ടില്ലാത്ത സ്വകാര്യ ബസിനൊപ്പം ഓടിയെത്തേണ്ടതിനാല്‍ അധികൃതരും കണ്ണടയ്ക്കും.

പരിശോധിക്കാന്‍ രണ്ടുമാര്‍ഗം

ഗതാഗതവകുപ്പ് പരിശോധന നടത്തിയാല്‍ പൂട്ടിന്റെ ക്ഷമത കണ്ടെത്താനാവില്ല. അതിനാല്‍ പൂട്ട് ഉണ്ടോയെന്നുമാത്രം നോക്കി തൃപ്തരാകും. വേഗപ്പൂട്ടിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്.

1. വാഹനം ഓടിച്ചുനോക്കണം. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍തന്നെ വാഹനം ഓടിച്ച് വിലയിരുത്തണമെന്നാണ് നിര്‍ദേശം. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതലുള്ള വേഗം ഇല്ലാതാക്കാനാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്.

പൂട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ വാഹനം 60 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കണം. അതിന് നല്ല റോഡ് വേണം. നിലവില്‍ കേരളത്തിലെ അവസ്ഥയില്‍ നാലുവരിപ്പാതയിലെങ്കിലുമെത്തണം. ഇത്രയും കഷ്ടപ്പാടിന് മിക്ക പരിശോധകരും മുതിരില്ല. പരിശോധന നടത്താന്‍ അര്‍ഹതയുള്ളത് മോട്ടോര്‍വാഹന വകുപ്പിലെ 600 ജീവനക്കാര്‍ക്ക് മാത്രം.

2. വേഗപ്പൂട്ട് നിര്‍മാണക്കമ്പനികള്‍ പൂട്ട് പരിശോധിക്കാനുള്ള ഉപകരണം രണ്ട് എണ്ണംവീതം ഓരോ ആര്‍.ടി. ഓഫീസിലും ലഭ്യമാക്കിയിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഏഴുവര്‍ഷം മുമ്പ് ഉത്തരവിറങ്ങിയെങ്കിലും ഒരു ഓഫീസില്‍പോലും ഉപകരണമെത്തിയിട്ടില്ല. അതിനാല്‍ അത്തരത്തിലുള്ള പരിശോധന നടക്കുന്നില്ല.

പരിശോധന പേരിനുമാത്രം

ഭാരം കയറ്റുന്ന എല്ലാ വാഹനങ്ങള്‍ക്കും ഒന്‍പത് സീറ്റിനുമുകളിലുള്ള വാഹനങ്ങള്‍ക്കും ടാക്‌സി കാറുകള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാണെന്നാണ് നിയമം. ഇപ്പോള്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുമ്പോഴും ഫിറ്റ്‌നസ് പുതുക്കുമ്പോഴും മാത്രമാണ് ഇത് പരിശോധിക്കുന്നത്. പൂട്ട് ഘടിപ്പിച്ചിട്ടുണ്ടോ എന്നുമാത്രമാണ് പരിശോധന. ക്ഷമത പരിശോധിക്കാറില്ല.

ആവശ്യക്കാര്‍ക്ക് വേഗപ്പൂട്ട് വാടകയ്ക്ക് ലഭ്യമാക്കുന്ന സംഘങ്ങള്‍ സജീവം. ഫിറ്റ്‌നസ് സമയത്ത് ഘടിപ്പിച്ച് കൊടുക്കും. കാര്യം കഴിഞ്ഞാല്‍ അഴിച്ചെടുക്കും. 3000 രൂപയാണ് വാടക. വേഗപ്പൂട്ട് നിര്‍മാതാക്കളും വാഹന ഉടമകള്‍ക്ക് അനുകൂലമായ നിര്‍മാണവുമായി രംഗത്തുണ്ട്. ആവശ്യാനുസരണം ബന്ധം വേര്‍പെടുത്താന്‍ കഴിയുന്ന വേഗപ്പൂട്ടാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പരിശോധനാ സമയത്ത് ഡ്രൈവര്‍ക്ക് തന്നെ ഇത് ബന്ധിപ്പിക്കാം.

ഋഷിരാജ് സിങ് ഗതാഗത കമ്മിഷണറായിരുന്ന സമയത്താണ് വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കിയത്. പിന്നീടിത് നിലച്ചു. പാതയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ അതിവേഗത്തിന് കുടുങ്ങി പിഴയിനത്തില്‍ കോടികളുടെ വരുമാനമാണ് സര്‍ക്കാരിന് കിട്ടുന്നത്. അതിനാല്‍ വേഗപ്പൂട്ടിലും അതിന്റെ പരിശോധനയിലും സര്‍ക്കാരിനും താത്പര്യമില്ല. വലിയ അപടങ്ങളുണ്ടാകുമ്പോള്‍ ഒരാഴ്ച കര്‍ശനപരിശോധന നടത്തുമെന്നുമാത്രം.