കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മൂന്ന് വിദ്യാർഥികൾക്ക് ചട്ടങ്ങൾ മറികടന്ന് പ്രത്യേക മൂല്യനിർണയം നടത്താൻ തീരുമാനമെന്ന് ആരോപണം. ഇതിനെതിരേ സമരവുമായി കെ.എസ്.യു. രംഗത്തെത്തിയതോടെ സംഭവം വിവാദമായി. വി.സി.യുടെ അനുമതിയോടെയാണ് ക്രമക്കേടെന്നും ആരോപണമുയർന്നു.

പരീക്ഷാ കൺട്രോളർ പ്രത്യേക താത്‌പര്യമെടുത്ത് മൂന്ന് വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകമായി മൂല്യനിർണയം നടത്താൻ നീക്കം നടത്തിയത് ‌സംശയത്തിനിടയാക്കുമെന്നതിനാൽ 2018-21 ബാച്ചിലെ ബി.ബി.എ. സപ്ലിമെന്ററി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളുടെയും ഉത്തരക്കടലാസുകൾ തിരക്കിട്ട് മൂല്യനിർണയം നടത്തിയെന്ന് കെ.എസ്.യു. ആരോപിച്ചു. ‌നവംബർ രണ്ട്‌ മുതൽ 10 വരെ നടന്ന നാലാം സെമസ്റ്റർ പരീക്ഷയിൽ ബി.ബി.എ. സപ്ലിമെന്ററി പരീക്ഷ ഒഴികെയുള്ള മറ്റു റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയൊന്നും മൂല്യനിർണയം തുടങ്ങിയിട്ടില്ല. എന്നാൽ, പ്രത്യേക അജൻഡ വെച്ച് ബി.ബി.എ. വിദ്യാർഥികളുടെ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ മൂല്യനിർണയം തിരക്കിട്ട് നടത്തുകയാണ്.

ചാല ചിന്മയ, കോൺകോഡ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ കോളേജുകളിലെ മൂന്ന് വിദ്യാർഥികൾക്കുവേണ്ടിയാണ് ഈ നീക്കം. പരീക്ഷയിൽ തോറ്റ കാരണത്താൽ ഉപരിപഠനത്തിന് പ്രവേശനം നേടാൻ സാധിക്കാതെ നിൽക്കുന്നവരാണിവർ. ശനിയാഴ്ചയാകുമ്പോൾ വൈകുമെന്നതിനാൽ അടിയന്തരമായി തിങ്കളാഴ്ച തന്നെ പ്രത്യേക മൂല്യനിർണയകേന്ദ്രത്തിൽ ഹാജരാകാൻ പരീക്ഷാ കൺട്രോളർ അധ്യാപകരോട് ആവശ്യപ്പെടുകയായിരുന്നു.

പരീക്ഷാ കൺട്രോളറെ പുറത്താക്കണം -കെ.എസ്.യു.

എസ്.എഫ്.ഐ.യുടെ താത്പര്യപ്രകാരം പരീക്ഷാ മൂല്യനിർണയം അട്ടിമറിക്കാൻ കൂട്ടുനിന്ന സർവകലാശാലാ പരീക്ഷാ കൺട്രോളറെ പുറത്താക്കണമെന്ന് കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ്് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. സ്വജനപക്ഷപാതത്തിനും മാർക്ക്ദാനത്തിനുമുള്ള നീക്കത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. സംഭവത്തിൽ വൈസ് ചാസലർക്കെതിരേ ചാൻസലർ കൂടിയായ ഗവർണർക്കും യു.ജി.സി.ക്കും പരാതി നൽകുമെന്നും കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പറഞ്ഞു.

Content Highlights: Special valuation of three students in Kannur University, KSU rice Allegation