കൊച്ചി: വിവാദങ്ങൾക്കിടെ തിയേറ്ററുകളെയും ഒ.ടി.ടി.യെയും ചേർത്തുപിടിച്ചു മുന്നേറാൻ മലയാള സിനിമാരംഗം. ഒ.ടി.ടി. റിലീസുകളെ കണ്ണടച്ച് എതിർക്കാതെ അതിനെ അതിന്റേതായ വഴിയിൽ അംഗീകരിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഫിലിം ചേംബറിൽ ഒ.ടി.ടി. സിനിമകൾക്ക്‌ പ്രത്യേക രജിസ്‌ട്രേഷൻ കൊണ്ടുവരും. സിനിമ തിയേറ്ററിലാണോ ഒ.ടി.ടി.യിലാണോ റിലീസ് ചെയ്യുന്നതെന്നകാര്യം രജിസ്‌ട്രേഷനിൽ വ്യക്തമാക്കണം. കരാർ ലംഘിക്കുന്ന സിനിമകൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കാൻ പുതിയ രജിസ്‌ട്രേഷൻ നിയമം സഹായകമാകും.

സിനിമാരംഗത്തെ സാങ്കേതികപ്രവർത്തകരുടെ സംഘടനായ ‘ഫെഫ്ക’യുടെ ജനറൽ കൗൺസിൽ യോഗത്തിൽ ഒ.ടി.ടി.യെ കണ്ണടച്ച് എതിർക്കുന്നത് ശരിയല്ലെന്ന് വിലയിരുത്തിയിരുന്നു. കൂടാതെ വേതനം സംബന്ധിച്ച കാര്യങ്ങളിൽ കൃത്യത ഉറപ്പാക്കുന്നതിന് ഒ.ടി.ടി.യെ അംഗീകരിച്ചുകൊണ്ടു മുന്നോട്ടുപോകുന്നതാണ് നല്ലതെന്ന അഭിപ്രായമുയർന്നു. ഒ.ടി.ടി.യുടെ പേരിൽ വ്യാജനിർമാതാക്കളും മറ്റും വരുന്നത് തടയാനും ഇതുവഴി കഴിയുമെന്ന് ‘ഫെഫ്ക’ കണക്കുകൂട്ടുന്നു.

ഒ.ടി.ടി.യും തിയേറ്ററും സമാന്തരമായി പോകണമെന്ന നിലയിലാണ് കേരള ഫിലിം ചേംബർ വിഷയത്തെ സമീപിക്കുന്നത്. ഒ.ടി.ടി. റിലീസ് ചെയ്ത സിനിമകൾ വീണ്ടും തിയേറ്ററിലേക്കു വരുന്നകാര്യം പരിഗണിച്ചിട്ടില്ല. ഇത്തരമൊരു സാധ്യത ഇല്ലെന്ന വിലയിരുത്തലിലാണ് ഫിലിം ചേംബർ മുന്നോട്ടുപോകുന്നത്.

ഒ.ടി.ടി.യുമായി സർക്കാർ മുന്നോട്ട്

സർക്കാർ തുടങ്ങുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോമിനായി സ്വകാര്യ പ്ലാറ്റ്‌ഫോം വാടകയ്ക്കെടുത്ത് ആദ്യത്തെ രണ്ടുവർഷം പ്രവർത്തിക്കാനാണ് തീരുമാനം. ഇതിനായി വിളിച്ച ടെൻഡറിൽ കേരളത്തിനു പുറത്തുനിന്നടക്കം ഏഴ്‌ അപേക്ഷകൾ വന്നിട്ടുണ്ട്. ഇവയുടെ സാങ്കേതികമികവും ഗുണനിലവാരവും പരിശോധിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടു വർഷത്തിനകം കെ.എസ്.എഫ്.ഡി.സി.(കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ)യുടെ സ്വന്തം ഒ.ടി.ടി. പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.

‌‌‌നല്ല പ്രതികരണം

സർക്കാർ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന്‌ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകൾക്കു സമാന്തരമായിട്ടല്ല ഒ.ടി.ടി. പ്ലാറ്റ്‌ഫോമിനെ കാണുന്നത്. തിയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടുന്ന ചിത്രാഞ്ജലി പാക്കേജ് ചിത്രങ്ങളും അവാർഡ് ചിത്രങ്ങളുമൊക്കെ പ്രേക്ഷകരിലേക്കെത്തിക്കാൻ ഇതിലൂടെ കഴിയും. -എൻ. മായ, മാനേജിങ് ഡയറക്ടർ, കെ.എസ്.എഫ്.ഡി.സി.

Content Highlights: Special registration for movies released in OTT