തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള പ്രത്യേക ബസുകൾക്കായി 1250 സ്കൂളുകൾ കെ.എസ്.ആർ.ടി.സിയെ സമീപിച്ചു. ലാഭമെടുക്കാതെ ഡീസൽ ചെലവും ജീവനക്കാരുടെ ശമ്പളവുംമാത്രം ഈടാക്കിക്കൊണ്ട് ബസുകൾ ഓടിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം. വനിതാ കണ്ടക്ടർമാരെയാകും ബസുകളിൽ നിയോഗിക്കുക.

രാവിലെ വിദ്യാർഥികളെ സ്കൂളിലെത്തിക്കുകയും വൈകീട്ട് തിരിച്ചെത്തിക്കുകയും വേണം. പത്ത് കിലോമീറ്ററിന്റെ യാത്രയ്ക്ക് ഒരു ബസിന് 6000 രൂപയാകും കുറഞ്ഞ ദിവസവാടക. അഞ്ച് കിലോമീറ്റർവീതം കൂട്ടിക്കൊണ്ട് 50 കിലോമീറ്റർവരെ വ്യത്യസ്ത നിരക്കുകൾ തയാറാക്കിയിട്ടുണ്ട്. മിനിമം നിരക്കിന് പുറമേ അധിക കിലോമീറ്ററിന്റെ വാടക നൽകിയാൽ മതിയാകും.

49 വിദ്യാർഥികളെവരെ കയറ്റാവുന്ന ബസുകളാണ് നൽകുന്നത്. സ്കൂൾ അധികൃതർ നിയോഗിക്കുന്ന ആയമാരെയും ബസുകളിൽ അനുവദിക്കും. സ്കൂൾ പി.ടി.എയുമായിട്ടാകും കെ.എസ്.ആർ.ടി.സിയുടെ കരാർ.

നിലവിൽ 500 ബസുകൾ വിദ്യാർഥികൾക്കുവേണ്ടി സജ്ജമാക്കിയിട്ടുണ്ട്. നിലവിലുള്ള കൺസെഷൻ സംവിധാനവും തുടരും. കൺസെഷൻ കാർഡുകൾ നൽകുന്ന റൂട്ടുകളിൽ വിദ്യാർഥികൾക്ക് സൗകര്യപ്രദമായ സമയത്ത് ബസ് ഓടിക്കണം.

അന്തിമതീരുമാനമായില്ല

സ്കൂൾ അധികൃതർ ആവശ്യപ്പെട്ട റൂട്ടുകൾ പഠിക്കുന്നതിലും നിരക്ക് നിശ്ചയിക്കുന്നതിലും അന്തിമ തീരുമാനമാവുന്നതേയുള്ളൂ എന്ന് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അറിയിച്ചു.

Content Highlights: Special bus for school students 1250 schools approached ksrtc