തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാനും കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും നിയമസഭ ചേരുമ്പോൾ സർക്കാർ ഉറ്റുനോക്കുന്നത് ഗവർണറുടെ നിലപാട്.

പൗരത്വനിയമ ഭേദഗതിക്കെതിരേ കഴിഞ്ഞവർഷം ഡിസംബറിൽ കേരള നിയമസഭ പ്രത്യേകസമ്മേളനം ചേർന്ന് പ്രമേയം പാസ്സാക്കിയതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷമായി വിമർശിച്ചിരുന്നു.

പൗരത്വനിയമത്തിനെതിരേയുള്ള പരാമർശങ്ങൾ നയപ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വഴങ്ങിയില്ല. മുഖ്യമന്ത്രിയുടെ ആഗ്രഹമനുസരിച്ച് വായിക്കുന്നെന്ന മുഖവുരയോടെ അദ്ദേഹം പരാമർശങ്ങൾ വായിക്കുകയും ചെയ്തു.

വീണ്ടും ഒരു കേന്ദ്ര നിയമത്തിനെതിരേ പ്രമേയം പാസ്സാക്കാനാണ് സഭ ചേരുന്നത്. സമ്മേളനം ചേരുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് ഗവർണറാണ്. എന്നാൽ മന്ത്രിസഭ തീരുമാനിച്ചാൽ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഗവർണർക്ക് എതിർക്കാനാവില്ല.

കാർഷിക നിയമം ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചുകൂട്ടണമെന്ന ആവശ്യവുമായിത്തന്നെ സർക്കാർ ഗവർണറെ സമീപിക്കും. കാർഷിക നിയമം ഇവിടെ നടപ്പാക്കില്ലെന്ന് സംസ്ഥാനം നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

content highlights: special assembly session