തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം വൈവിധ്യമുള്ള ആശയങ്ങളുടെ സർഗവസന്തമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അക്ഷരോത്സവത്തിന്റെ ഭാഗമായി വായനയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒന്നര നൂറ്റാണ്ട് പിന്നിട്ട ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’യിൽ, ഇന്ദുലേഖയും മാധവനുമായുള്ള സംഭാഷണം വായിച്ചാണ് സ്പീക്കർ പരിപാടി ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ ലക്ഷണമൊത്ത നോവലിനപ്പുറം ‘ഇന്ദുലേഖ’ സ്ത്രീവിമോചനത്തിന്റെയും സ്ത്രീമനസ്സിന്റെയും ആവിഷ്കാരം നിർവഹിച്ച ഗാഥയാണെന്ന്‌ സ്പീക്കർ പറഞ്ഞു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം യുവത്വത്തിന്റെ സംവാദമണ്ഡലമായി മാറുകയാണ്. യുവത്വത്തിന്റെ ബൗദ്ധിക മണ്ഡലത്തിന് ഇതിലൂടെ ലഭിക്കുന്നത് അറിവിന്റെ കോടിസൂര്യപ്രകാശമാണെന്നും സ്പീക്കർ പറഞ്ഞു. മാതൃഭൂമി വഞ്ചിയൂർ ഓഫീസിലെത്തിയ സ്പീക്കറെ മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ, ഫെസ്റ്റിവൽ ഡയറക്ടർ സബിൻ ഇക്ബാൽ, ആർട്ടിസ്റ്റിക് ഡയറക്ടർ ടി.കെ. രാജീവ്കുമാർ എന്നിവർ സ്വീകരിച്ചു.

Content Highlight: Speaker P Sreeramakrishnan reads the novel 'Indulekha' mathrubhumi festival of letters 2020