മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റായി 4.25 ലക്ഷം

Sreeramakrishnanകൊച്ചി: സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ വകയില്‍ അര ലക്ഷത്തോളം രൂപ സര്‍ക്കാറില്‍നിന്ന് കൈപ്പറ്റിയതായി വിവരാവകാശ രേഖ. കണ്ണടയുടെ ഫ്രെയിമിന് 4,900 രൂപയും ലെന്‍സിന് 45,000 രൂപയുമടക്കം 49,900 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ലെന്‍സാണ് വാങ്ങിയതെന്ന് സ്​പീക്കര്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ ചെലവ് ചുരുക്കലിനെപ്പറ്റി സംസാരിക്കുന്നതിനിടെ സ്​പീക്കര്‍ ഇത്രതുക കണ്ണടയ്ക്കായി ചെലവിട്ടതാണ് വിവാദമായിരിക്കുന്നത്. കണ്ണടയുടെ ഫ്രെയിമിനുള്ള തുക നിജപ്പെടുത്തിയതു മറികടക്കാന്‍ ലെന്‍സില്‍ കൂടുതല്‍ തുക കാണിച്ചിരിക്കുന്നുവെന്നാണ് സ്​പീക്കര്‍ക്കെതിരായ ആരോപണം.

നേരത്തേ വക്കം പുരുഷോത്തമന്‍ സ്​പീക്കറായിരിക്കെ കണ്ണടയുടെ ഫ്രെയിം വാങ്ങിയ വകയില്‍ വലിയ തുക കൈപ്പറ്റി. ഇത് വിവാദമായതിനെ തുടര്‍ന്നാണ് കണ്ണടയുടെ ഫ്രെയിം വാങ്ങുന്നതിനുള്ള തുകയുടെ പരിധി 5000 രൂപയായി നിജപ്പെടുത്തിയത്. അതേസമയം, ലെന്‍സിന് പരമാവധി എത്ര തുക വരെ ചെലവഴിക്കാമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ കണ്ണട വാങ്ങാന്‍ വലിയ തുക ചെലവഴിച്ചതും വിവാദമായിരുന്നു. 28,000 രൂപയായിരുന്നു മന്ത്രി ശൈലജ കണ്ണട വാങ്ങിയ വകയില്‍ കൈപ്പറ്റിയത്. കഴിഞ്ഞദിവസം ബജറ്റ് അവതരണത്തിനിടെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് സ്​പീക്കറുടെ കണ്ണടച്ചെലവു സംബന്ധിച്ച വിവരം പുറത്തുവന്നിരിക്കുന്നത്.

ചികിത്സായിനത്തില്‍ സ്​പീക്കര്‍ 4,25,594 രൂപയാണ് കൈപ്പറ്റിയത്. സ്​പീക്കറുടെ അസുഖത്തെപ്പറ്റി സെക്രട്ടേറിയറ്റില്‍ രേഖകളില്ല. ചികിത്സാ രേഖകള്‍ അതതു കാലത്തുതന്നെ നല്‍കിയതായാണ് അധികൃതരുടെ വിശദീകരണം.

കണ്ണട നിര്‍ദേശിച്ചത് ഡോക്ടര്‍

ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കണ്ണട വാങ്ങിയത്. ഷോര്‍ട്ട് സൈറ്റും ലോങ് സൈറ്റുമുണ്ട്. അര്‍ധ ഗോളാകൃതിയില്‍ ഇരിക്കുന്ന നിയമസഭയില്‍ പലപ്പോഴും ഇടതുഭാഗത്തെ കാഴ്ച പ്രശ്‌നമായിരുന്നു. ഇതിനൊപ്പം നടക്കാനും വായിക്കാനും ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് ഡോക്ടറെ കണ്ടത്. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങിയതല്ലാതെ അസാധാരണമായി ഒന്നുമില്ല. അഞ്ചു വര്‍ഷമായി കണ്ണട മാറ്റിയിട്ടില്ല. എന്തിനാണ് ഇതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുന്നതെന്നറിയില്ല.

-സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍